രാഷ്ട്രപതിയുടെ ചിത്രത്തില്‍ മാളികപ്പുറം ശ്രീകോവിലിലെ വിഗ്രഹവും ഉള്‍വശവും; കടുത്ത വിമര്‍ശനം, പിന്‍വലിച്ച് രാഷ്ട്രപതിഭവന്‍

മാളികപ്പുറം ക്ഷേത്രത്തില്‍ തൊഴുത് നില്‍ക്കുന്ന രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ചിത്രം എക്‌സ് പ്ലാറ്റ്‌ഫോമില്‍ നിന്ന് പിന്‍വലിച്ച് രാഷ്ട്രപതിഭവന്‍. ചിത്രത്തില്‍ ശ്രീകോവിലിന്റെ ഉള്‍വശവും വിഗ്രഹവും ദൃശ്യമായിരുന്നു. വിഗ്രഹത്തിന്റെ ചിത്രം എടുത്തതില്‍ വിമര്‍ശനങ്ങള്‍ ഉയരുകയായിരുന്നു. ഇതോടെയാണ് ചിത്രം ഔദ്യോഗിക പേജില്‍ നിന്ന് പിന്‍വലിച്ചത്.

അതേസമയം, ശബരിമല ദര്‍ശനത്തിന് ശേഷം വൈകിട്ട് രാഷ്ട്രപതി തിരുവനന്തപുരത്തേക്ക് മടങ്ങി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് രാഷ്ട്രപതി അയ്യപ്പ ദര്‍ശനം പൂര്‍ത്തിയാക്കിയത്. പമ്പയിലെത്തി പമ്പാസ്‌നാനത്തിന് ശേഷം കെട്ട് നിറച്ചു പിന്നാലെ 11.30 ഓടെയാണ് സന്നിധാനത്തേക്കുള്ള യാത്ര തിരിച്ചത്. കനത്ത സുരക്ഷയില്‍ പ്രത്യേക വാഹനത്തിലാണ് മല കയറിയത്.

ഇന്നലെ തലസ്ഥാനത്ത് എത്തിയ രാഷ്ട്രപതി ഇന്ന് രാവിലെ 7.30 ഓടെയാണ് രാജ്ഭവനില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് ഹെലികോപ്ടറില്‍ പത്തനംതിട്ടയിലേക്ക് പോയി. നിശ്ചയിച്ചതിലും നേരത്തെയാണ് രാഷ്ട്രപതി ശബരിമലയിലേക്ക് പുറപ്പെട്ടത്.

Read more

തുടര്‍ന്ന് രാവിലെ ഒമ്പതോടെ കോന്നി പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഹെലികോപ്ടര്‍ ഇറങ്ങി റോഡ് മാര്‍ഗം പമ്പയിലേക്ക് പോവുകയായിരുന്നു. 4 ദിവസത്തെ സന്ദര്‍ശനത്തിനാണ് രാഷ്ട്രപതി കേരളത്തില്‍ എത്തിയത്.