ആഗോള അയ്യപ്പസംഗമം വന്‍ അഴിമതിയുടെ വേദിയെന്ന് രമേശ് ചെന്നിത്തല; ഉച്ചയോടെ അവസാനിച്ച സമ്മേളനത്തിന് ചെലവായത് 7 കോടി, വെട്ടിപ്പല്ലാതെ മറ്റെന്താണ് ഇത്

സര്‍ക്കാര്‍ സംഘടിപ്പിച്ച ആഗോള അയ്യപ്പസംഗമം വന്‍ അഴിമതിയുടെ വേദിയായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വെറും ഉച്ചയോടെ അവസാനിച്ച ഒരു സമ്മേളനത്തിനായി ഏഴ് കോടി രൂപയാണ് ചിലവഴിച്ചതെന്നും ഇത് വന്‍തോതിലുള്ള വെട്ടിപ്പല്ലാതെ മറ്റെന്താണെന്നും രമേശ് ചെന്നിത്തല ചോദിച്ചു. ശബരിമലയില്‍ നടക്കുന്ന ഇടപാടുകളില്‍ വന്‍ അഴിമതിയുണ്ടെന്ന് ഹൈക്കോടതിക്ക് തന്നെ ബോധ്യപ്പെട്ടതായും മണ്ഡല മകരവിളക്ക് കാലത്തെ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത് അതിനാലാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

ആഗോള അയ്യപ്പസംഗമം പണം ധൂര്‍ത്തടിക്കാനുള്ള വേദിയായി മാറിയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. വന്‍ പരാജയമായിരുന്നു അയ്യപ്പ സംഗമമെന്നും എന്നാല്‍ 7 കോടി രൂപയാണ് ഉച്ചവരെ മാത്രം നടന്നൊരു സമ്മേളനത്തിനായി ചെലവഴിച്ചതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ദേവസ്വം ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും പണം ഇത്തരത്തില്‍ ധൂര്‍ത്തടിക്കാന്‍ ആരാണ് ഇവര്‍ക്ക് അധികാരം നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ ദിവസം ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചും ഈ വിഷയത്തില്‍ നിശിതമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. അയ്യപ്പസംഗമത്തില്‍ പങ്കെടുത്ത ആളുകള്‍ക്ക് നല്‍കിയ ഭക്ഷണത്തിന്റെ കണക്കില്‍ പോലും വലിയ കൃത്യവിലോപവും വെട്ടിപ്പും നടന്നതായി രമേശ് ചെന്നിത്തല ആരോപിച്ചു.

ഈ വന്‍ അഴിമതിയെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അല്ലാത്തപക്ഷം ഇതിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാര്‍ പിന്തുണയോടെ പമ്പാതീരത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടത്തിയ ആഗോള അയ്യപ്പസംഗമത്തിലെ കണക്കുകളില്‍ പൊരുത്തക്കേട് കണ്ടു ഹൈക്കോടതി ഇന്ന് വിശദീകരണം തേടിയിട്ടുണ്ട്. അയപ്പസംഗമം നടത്തിയതിലെ വരവുചെലവു കണക്കുകളില്‍ കണ്ടെത്തിയ പൊരുത്തക്കേടുകളില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സംസ്ഥാന ഓഡിറ്റ് വകുപ്പും വിശദീകരണം നല്‍കണമെന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. സ്വതന്ത്ര ഓഡിറ്റിങ്ങില്‍ കണ്ടെത്തിയ പൊരുത്തക്കേടുകളില്‍ ഫെബ്രുവരി 27-നകം വിശദീകരണം നല്‍കാനാണ് ജസ്റ്റിസ് വി. രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ഹൈക്കോടതി ദേവസ്വം ബെഞ്ച് ഉത്തരവിട്ടത്.

ജി.എസ്.ടി., ഇന്‍പുട്ട് ടാക്സ് ഇനങ്ങളിലും പൊരുത്തക്കേട് കണ്ടെത്തിയ സാഹചര്യത്തിലാണ് ഹൈക്കോടതി ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടിയത്