"മുഖ്യമന്ത്രി തന്നെ കള്ളം പറയുമ്പോള്‍ എന്ത് വ്യാജവാര്‍ത്ത കണ്ടെത്താനാണ്": ശ്രീറാം വെങ്കിട്ടരാമന്‍റെ നിയമനത്തെ എതിർത്ത് രമേശ് ചെന്നിത്തല

ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെ വ്യാജവാര്‍ത്തകളും സന്ദേശങ്ങളും കണ്ടെത്താനുള്ള പി.ആര്‍.ഡി സംഘത്തിലേക്ക് നാമനിര്‍ദേശം ചെയ്ത നടപടി പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി തന്നെ കള്ളം പറയുമ്പോള്‍ എന്ത് വ്യാജവാര്‍ത്ത കണ്ടെത്താനാണെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.

നിയമന ഉത്തരവ് പിന്‍വലിക്കണമെന്ന് ചെന്നിത്തല സർക്കാരിനോട് ആവശ്യപ്പെട്ടു. തെറ്റു ചെയ്യുന്നവരെ സംരക്ഷിക്കുന്ന ജോലിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. അതിന്‍റെ പ്രകടമായ ഉദാഹരണമാണ് ശ്രീറാം വെങ്കിട്ടരാമന്റെ നിയമനമെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

മാധ്യമ പ്രവർത്തകൻ കെ.എം. ബഷീനെ കാറിടിച്ച്‌ കൊലപ്പെടുത്തിയ കേസിൽ സസ്പെൻഷനിലായിരുന്ന ശ്രീറാമിനെ കഴിഞ്ഞ മാർച്ചിലാണ് സർക്കാർ തിരിച്ചെടുത്തത്. ശ്രീറാമിനെ പോലെ ഒരാളെ വ്യാജവാര്‍ത്ത കണ്ടെത്താന്‍ നിയോഗിക്കുന്നത് തെറ്റായ നടപടിയാണെന്നും നിയമനം പുനഃപരിശോധിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കോവിഡ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന വാര്‍ റൂമിന്‍റെയും സി.എഫ്.എല്‍.ടി.സികളുടെയും ചുമതലയാണ് ആരോഗ്യവകുപ്പില്‍ ജോയിന്‍റ് സെക്രട്ടറിയായി തിരിച്ചെത്തിയ ശ്രീറാമിന് നല്‍കിയിരുന്നത്. പിന്നാലെയാണ് വ്യാജവാര്‍ത്തകളോ സന്ദേശങ്ങളോ കണ്ടെത്തിയാല്‍ അവ‌ക്കെതിരായ നടപടിക്ക് പൊലീസിന് കൈമാറുക, വാര്‍ത്തകള്‍ തെറ്റാണെങ്കില്‍ സത്യാവസ്ഥ മറ്റു വകുപ്പുകളില്‍ നിന്ന് ശേഖരിച്ച് ജനങ്ങള്‍ക്കായി പ്രസിദ്ധപ്പെടുത്തുക തുടങ്ങിയ ദൗത്യങ്ങളുള്ള ഫാക്ട് ചെക്ക് വിഭാഗത്തിലേക്കും ശ്രീറാം നിയോഗിക്കപ്പെടുന്നത്.