രമേശ് ചെന്നിത്തല പലതിനും പലരോടും മത്സരിക്കുന്ന കാലമാണ്, ഇപ്പോള്‍ നുണ പറയാനും മത്സരിക്കുകയാണ്; 700 കോടി രൂപയുടെ അഴിമതിയ്ക്ക് നീക്കമുണ്ടെന്ന രമേശ് ചെന്നിത്തലയുടെ ആരോപണം തള്ളി മുഖ്യമന്ത്രി

സഹകരണ വകുപ്പിന്‍റെ കോമണ്‍ സോഫ്റ്റ്‍വെയര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് 700 കോടി രൂപയുടെ അഴിമതിയ്ക്ക് നീക്കമുണ്ടെന്ന രമേശ് ചെന്നിത്തലയുടെ ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. രമേശ് ചെന്നിത്തല പലതിനും പലരോടും മത്സരിക്കുന്ന കാലമാണെന്നും ഇപ്പോള്‍ നുണ പറയാനും മത്സരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പാലക്കാട് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.

അഴിമതിയെന്ന നിലയിൽ വസ്തുതക്ക് നിരക്കാത്ത കാര്യങ്ങള്‍ നുണയായി പ്രചരിപ്പിക്കാൻ മത്സരിക്കുകയാണ്. ഇത്തരം കാര്യങ്ങള്‍ക്ക് മറുപടി നൽകുന്നത് അവരുടെ അജണ്ട നടപ്പാക്കുന്നതിന് തുല്യമാണെന്നും പിണറായി വിജയൻ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സര്‍ക്കാരിനെതിരെ ഗുരുതര അഴിമതിയാരോപണവുമായി രമേശ് ചെന്നിത്തല രംഗത്തെത്തിയത്. സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതിയ്ക്ക് നീക്കം നടക്കുകയാണെന്നാണ് രമേശ് ചെന്നിത്തല ആരോപിച്ചത്. സഹകരണ വകുപ്പിന്‍റെ കോമണ്‍ സോഫ്റ്റ്‍വെയര്‍ പദ്ധതിയിൽ അഴിമതിയുണ്ടെന്നാണ് ആരോപണം.

ടാറ്റ കണ്‍സള്‍ട്ടന്‍സിക്ക് ‌(ടിസിഎസ്) നൽകേണ്ട കരാര്‍ ദിനേശ് ബീഡി സഹകരണ സംഘത്തിന് നൽകുകയാണെന്നും പുതുക്കിയ നിബന്ധന ഉള്‍പ്പെടുത്തി വീണ്ടും ടെണ്ടര്‍ വിളിച്ചുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. കണ്ണൂർ കേന്ദ്രീകരിച്ചുള്ള രണ്ട് സൊസൈറ്റുകൾക്ക് മാത്രം പങ്കെടുക്കാവുന്ന വിധത്തിൽ മാനദണ്ഡം പുതുക്കുകയായിരുന്നു. ടിസിഎസിനെ മനപൂർവ്വം ഒഴിവാക്കിയാണ് ടെണ്ടർ മാനദണ്ഡം ഉണ്ടാക്കിയത്.

കണ്ണൂരിലെ സഹകരണ സംഘങ്ങൾ മാത്രം ടെണ്ടറിൽ പങ്കെടുത്തത് ദുരൂഹമാണ്. 250 സഹകരണ സംഘങ്ങളിലേക്ക് സോഫ്റ്റ്‍വെയര്‍ നൽകാൻ ദിനേശ ബീഡി സഹകരണ സംഘം ക്വോട്ട് ചെയ്തത് 58 കോടിയാണ്.ഭീമമായ സാമ്പത്തിക അഴിമതി പദ്ധതിക്ക് പിന്നിലുണ്ട്. യുഡിഎഫ് അധികാരത്തിൽ വന്നാൽ ടെണ്ടർ റദ്ദാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.