സര്‍ക്കാര്‍ ജീവനക്കാരുടെ വിവരങ്ങള്‍ കൈമാറാനാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്, വിവിധ വകുപ്പുകള്‍ക്ക് നല്‍കിയ കത്ത് പുറത്തുവിട്ട് രമേശ് ചെന്നില

സ്പാര്‍ക്കില്‍ (SPARK)നിന്നടക്കം സര്‍ക്കാര്‍ ജീവനക്കാരുടെ വിവരങ്ങള്‍ കൈമാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് വിവിധ വകുപ്പുകള്‍ക്ക് നല്‍കിയ കത്ത് പുറത്തുവിട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഒഎസ്ഡി സീറം സാംബശിവ റാവു അയച്ച കത്താണ് ചെന്നിത്തല വാര്‍ത്ത സമ്മേളനത്തില്‍ പുറത്തുവിട്ടത്. സ്പിംഗ്ലര്‍ കേസിന് സമാനമായ രീതിയിലുള്ള ഡാറ്റാ കച്ചവടമാണ് ഇവിടെ നടക്കുന്നതെന്നും മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും സ്വകാര്യ വിവരങ്ങള്‍ ഇതിലൂടെ ചോര്‍ത്തുകയാണെന്നും ചെന്നിത്തല പറഞ്ഞു.

ഇന്നലെ വിഷയവുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ഹൈക്കോടതി രൂക്ഷഭാഷയില്‍ വിമര്‍ശിച്ചതിന് പിന്നാലെയാണ് രമേശ് ചെന്നിത്തലയുടെ വാര്‍ത്ത സമ്മേളനം. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സര്‍ക്കാര്‍ അനുവദിച്ച ആനുകൂല്യങ്ങള്‍ ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനമാണ് നടത്തിയത്.. സര്‍ക്കാരിന്റേത് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നും വിവരങ്ങള്‍ ചോര്‍ത്തിയത് സ്വകാര്യതയുടെ ലംഘനമാണ് എന്നും ഹൈക്കോടതി പറഞ്ഞിരുന്നു.

ഇന്ന് സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന ആരോപണത്തിനുള്ള തെളിവുമായാണ് ചെന്നിത്തല വാര്‍ത്തസമ്മേളനം നടത്തിയത്. കത്ത് നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും ഇതിന് പിന്നില്‍ വലിയ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി ‘സെന്‍ട്രലൈസ്ഡ് നോട്ടിഫിക്കേഷന്‍ ഹബ്’ രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ ഒഎസ്ഡി സീറം സാംബശിവ റാവു ജീവനക്കാരുടെ വിവരം തേടിയത്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഒരു ‘ഡാറ്റാ ലേക്ക്’ നിര്‍മ്മിക്കുന്നതിനായാണ് എല്ലാ വകുപ്പുകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നതെന്ന് കത്തില്‍ പറയുന്നു. ഇതിന്റെ ഭാഗമായി കെ-സ്മാര്‍ട്ട് ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉപഭോക്താക്കളുടെ പേര്, ഫോണ്‍ നമ്പര്‍, വയസ്, ജില്ല, താലൂക്ക്, വാര്‍ഡ്, തദ്ദേശ സ്ഥാപനം തുടങ്ങിയ വ്യക്തിവിവരങ്ങള്‍ നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

ഐടി മിഷന്റെ സഹായത്തോടെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് നടപ്പിലാക്കുന്ന ഈ പദ്ധതിക്കായി 2026 ഫെബ്രുവരി 12-നകം വിവരങ്ങള്‍ കൈമാറാനായിരുന്നു നിര്‍ദേശം. ഐടി മിഷനിലെ അസിസ്റ്റന്റ് മിഷന്‍ കോര്‍ഡിനേറ്ററുടെ ഇമെയില്‍ വിലാസത്തിലേക്കാണ് ഈ വിവരങ്ങള്‍ അയക്കേണ്ടത്. എസ്എംഎസ്, ഇമെയില്‍, വാട്‌സാപ്പ്, വോയിസ് എന്നിവ വഴി തത്സമയ അറിയിപ്പുകള്‍ നല്‍കുന്നതിനും ‘ഗവണ്‍മെന്റ് ഓഫ് കേരള’ എന്ന പേരില്‍ ഏകീകൃത സന്ദേശങ്ങള്‍ അയക്കുന്നതിനുമാണ് ഈ വിവരങ്ങള്‍ ഉപയോഗിക്കുകയെന്നാണ് ഔദ്യോഗിക വിശദീകരണം. ഇത്തരത്തില്‍ ഡാറ്റ ശേഖരിക്കുന്നത് വലിയ ദുരൂഹതയുണ്ടാക്കുന്നുവെന്നും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും ചെന്നിത്തല ആരോപിച്ചു.

Read more

ഇന്നലെ ഇത്തരത്തില്‍ വിവരങ്ങള്‍ എടുക്കരുതെന്ന് മുന്‍കാല ഉത്തരവുകളുണ്ടെന്നും അതിന്റെ ലംഘനമുണ്ടായിരിക്കുന്നു എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇനി ഇത്തരത്തില്‍ സന്ദേശങ്ങള്‍ അയക്കുന്നത് വിലക്കുകയും ചെയ്തിരുന്നു. വിഷയത്തില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി നോട്ടീസ് അയച്ചിട്ടുണ്ട്. വെള്ളിയാഴ്ചയ്ക്കകം വിവരങ്ങള്‍ വ്യക്തമാക്കി നോട്ടീസിന് മറുപടി നല്‍കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. സര്‍ക്കാരിന്റേത് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണ്. വിവരങ്ങള്‍ ചോര്‍ത്തിയത് സ്വകാര്യതയുടെ ലംഘനമാണ്. ഇങ്ങനെയെങ്കില്‍ വ്യക്തിഗത വിവരങ്ങള്‍ക്ക് എന്താണ് സുരക്ഷ? മുഖ്യമന്ത്രിയുടെ ഓഫീസിന് എങ്ങനെയാണ് സ്വകാര്യ വിവരങ്ങള്‍ കിട്ടുന്നതെന്നും ഹൈക്കോടതി ചോദിച്ചു. സ്പാര്‍ക്കിലെ വിവരങ്ങള്‍ എങ്ങനെ കിട്ടി? ഈ വിവരങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാകുമോ എന്നും കോടതി ചോദിച്ചിട്ടുണ്ട്.