നിയമസഭാ തെരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ താൻ അയ്യായിരം വോട്ടിന് വിജയിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി വി. ശിവൻകുട്ടി. ബിജെപി സംസ്ഥാന അധ്യക്ഷനും എൻഡിഎ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖർ 55,588 വോട്ട് നേടി രണ്ടാം സ്ഥാനത്ത് എത്തുമെന്നും കോൺഗ്രസിന് 29,499 വോട്ട് ലഭിക്കുമെന്നുമാണ് ശിവൻകുട്ടിയുടെ പ്രവചനം.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 55,837 വോട്ടിനാണ് ശിവൻകുട്ടി വിജയിച്ചത്. എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരൻ 51,888 വോട്ട് നേടി രണ്ടാമത് എത്തിയിരുന്നു. 36,524 വോട്ടുകളാണ് കോൺഗ്രസ് സ്ഥാനാർഥിയായ കെ മുരളീധരന് കിട്ടിയത്. എന്നാൽ ഇത്തവണ കോൺഗ്രസ് വോട്ടുകൾ എൽഡിഎഫിനും യുഡിഎഫിനും ലഭിക്കുമെന്നാണ് ശിവൻകുട്ടിയുടെ പ്രവചനം. ഭൂരിപക്ഷത്തിൽ കഴിഞ്ഞ തവണത്തേക്കാൾ രണ്ടായിരം വോട്ടുകൾ വർധിക്കുമെന്നും ശിവൻകുട്ടി പറയുന്നു
അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷൻ പോളിങ് കണക്ക് പുറത്ത് വിടാത്തതിൽ ദുരൂഹതയുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു. രാഷ്ട്രീയപാർട്ടികൾ അന്തിമ കണക്ക് വച്ചാണ് വിശകലനം ചെയ്യുന്നത്. അതിന് കഴിയുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ജനങ്ങളും രാഷ്ട്രീയപാർട്ടികളും തെരഞ്ഞെടുപ്പ് കമ്മീഷനോട് സഹകരിച്ചു എന്തുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ കണക്കുകൾ പ്രസിദ്ധീകരിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. നടപടി ഉണ്ടാകാത്തതിൽ സംശയാസ്പദമാണെന്നും അദ്ദേഹം പറഞ്ഞു.







