മഴക്കെടുതി; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഇന്ന് മന്ത്രിസഭാ യോഗം

സംസ്ഥാനത്ത് കനത്തമഴയെ തുടര്‍ന്ന് ഉരുള്‍പ്പൊട്ടലിലും മലവെള്ള പാച്ചിലിലുമായി കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. ഇതുവരെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 13 ആയി. ഇന്നലെ 7 പേരാണ് മരിച്ചത്. തൃശൂര്‍ ചേറ്റുവ അഴിമുഖത്ത് കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുന്നുണ്ട്. കുളച്ചല്‍ സ്വദേശികളായ ഗില്‍ബര്‍ട്ട്, മണി എന്നിവരെയാണ് കാണാതായത്.

സംസ്ഥാനത്തെ മഴക്കെടുതികളും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ ഇന്ന് മന്ത്രിസഭാ യോഗം ചേരും. ഇന്നത്തെ മന്ത്രിസഭാ യോഗം വിലയിരുത്തും. ഓണ്‍ലൈന്‍ ആയാണ് യോഗം. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി മന്ത്രിമാര്‍ വിവിധ ജില്ലകളില്‍ തുടരുന്നതിനാലാണ് ഓണ്ലൈനായി യോഗം ചേരുന്നത്.

നിലവില്‍ സ്വീകരിച്ചിട്ടുള്ള പ്രതിരോധ മാര്‍ഗങ്ങള്‍, അപകടസാധ്യതകള്‍ തുടങ്ങിയവ മന്ത്രിമാര്‍ യോഗത്തില്‍ അറിയിക്കും. അപകടസാധ്യതകള്‍ നിലനില്‍ക്കുന്ന മേഖലകളില്‍ കൂടുതല്‍ ദുരന്ത പ്രതിരോധ സംഘങ്ങളെ വിന്യസിക്കുന്നതും കൂടുതല്‍ കേന്ദ്രസേനകളുടെ സഹായം തേടുന്നതും യോഗത്തില്‍ ചര്‍ച്ചയാകും.

അതേസമയം കൊല്ലം ഇത്തിക്കരയാറ്റിലും കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു. മലവെള്ള പാച്ചിലില്‍ കണ്ണൂരിലെ മലയോര മേഖലകളില്‍ കനത്ത നാശമാണുണ്ടായത്. ഇരിട്ടി, പേരാവൂര്‍, കൊട്ടിയൂര്‍, കേളകം, കണ്ണിച്ചാര്‍, കോളയാട് ഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ നാശമുണ്ടായത്. മന്ത്രി എംവി ഗോവിന്ദന്‍ ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നാലിടങ്ങളില്‍ ഉരുള്‍പ്പൊട്ടിയതിനാല്‍ അതീവജാഗ്രത തുടരുകയാണ്. ഇന്നലെ മരിച്ച രണ്ടര വയസുകാരി ഉള്‍പ്പെടെയുള്ളവരുടെ സംസ്‌കാരം ഇന്ന് നടക്കും.

മണ്ണും പാറയും ഇടിഞ്ഞുവീണ വയനാട്ടിലേക്കുള്ള നെടുമ്പൊയില്‍ ചുരം റോഡില്‍ ഗതാഗതതടസം തുടരുകയാണ്. മുവാറ്റുപുഴയില്‍ അപ്രോച്ച് റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടു. ഇതേ തുടര്‍ന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. മൂന്ന് ദിവസം കൂടി അതിതീവ്രമഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് പത്ത് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

Read more

ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.