അറബിക്കടലിൽ തേജ് ചുഴലിക്കാറ്റ്, തുലാവർഷത്തിൽ മഴ ശക്തമാകും, സംസ്ഥാനത്ത് 8 ജില്ലകളിൽ യെല്ലോ അലർട്ട്

വരുന്ന അഞ്ചു ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ കൂടുതൽ സജീവമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. കേരളത്തിൽ തുലാവർഷം ആരംഭിച്ചതോടെ മഴ സജീവമാകുകയാണ്. ഇതോടൊപ്പം അറബിക്കടലിൽ രൂപം കൊണ്ട തേജ് ചുഴലിക്കാറ്റ് കൂടുതൽ ശക്തിപ്രാപിക്കുന്നതോടെ മഴകനക്കാനുള്ള സാധ്യതയും വർധിച്ചിരിക്കുന്നു.

ഒക്ടോബർ 21 മുതൽ 25 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.കേരളത്തിലെ എട്ടു ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.അതേ സമയം ‘തേജ്’ ഇന്ന് അതി തീവ്ര ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാൻ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നു

അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

22-10-2023 :കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്
23-10-2023 :കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്
24-10-2023 :കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം
25-10-2023 :തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്
എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

പ്രത്യേക ജാഗ്രത നിർദ്ദേശം

കേരളത്തിൽ വരും ദിവസങ്ങളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മഴ ശക്തി പ്രാപിയ്ക്കാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണ്.