രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ തീരുമാനം ഇന്ന് വന്നേക്കും, ഹൈക്കമാന്‍ഡ് പ്രഖ്യാപനത്തിന് കാതോര്‍ത്ത് സംസ്ഥാന നേതൃത്വം

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം വന്നേക്കും. വയനാട്ടിലെ പ്രചാരണം കോണ്‍ഗ്രസും യുഡിഎഫും നിര്‍ത്തിവെച്ച സാഹചര്യത്തില്‍ പാര്‍ട്ടി ഇക്കാര്യത്തില്‍ വേഗം തീരുമാനമെടുക്കുമെന്നാണ് കരുതപ്പെടുന്നത്. ഇനിയും വൈകുന്നത് പ്രചാരണ രംഗത്ത് പിന്നോക്കം പോകുന്നതിന് കാരണമായി മാറുമെന്ന് സംസ്ഥാന നേതൃത്വം ഭയക്കുന്നു. ഉറച്ച മണ്ഡലമെന്ന് കോണ്‍ഗ്രസ് വിശ്വസിക്കുന്ന വയനാട്ടില്‍ പരാജയപ്പെടുന്നതിനു പോലും മണ്ഡലത്തിലെ അനിശ്ചിത്വം കാരണമാകുമെന്ന് സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചിട്ടുണ്ട്.

കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ധിഖ്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയവരും തീരുമാനം ഞാറായാഴ്ച്ച തന്നെ വരുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രഖ്യാപനം വൈകുന്ന വേളയില്‍ രാഹുല്‍ തന്നെ മത്സരിക്കുന്നതിനാണ് സാധ്യതയെന്നും പൊതുവേ കരുതപ്പെടുന്നു.

Read more

വയനാടിനു പുറമെ വടകരയിലേയും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനുണ്ട്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. അതിനാല്‍ അധികം വൈകാതെ പേര് പ്രഖ്യാപിക്കുകയെന്നത് നേതൃത്വത്തെ സംബന്ധിച്ച് അനിവാര്യതയാണ്. ബുധാനാഴ്ച്ചയ്ക്ക് മുമ്പ് തന്നെ കേരളത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ എല്ലാവരെയും അറിയാന്‍ സാധിക്കുമെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്.