ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കും; എംവി ​ഗോവിന്ദന് വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് വക്കിൽ നോട്ടീസ് അയച്ച് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ആരോപണത്തിലാണ് നോട്ടീസ് അയച്ചത്.രാഹുലിനെതിരെയുള്ള പരാമർശം എഴു ദിവസത്തിനകം പിൻവലിക്കണമെന്നും കൂടാതെ ഒരു കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു.

അഭിഭാഷകൻ വഴിയാണ് രാഹുൽ മാങ്കൂട്ടത്തിൽ നോട്ടീസ് അയച്ചിരിക്കുന്നത്. സെക്രട്ടേറിയറ്റ് മാർച്ചിലുണ്ടായ സംഘർഷത്തെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോൾ ജയിലിൽ തുടരുകയാണ്. രാഹുലിന്റെ അറസ്റ്റിനെതിരെ കോൺഗ്രസ് സംസ്ഥാന വ്യാപകമായ പ്രതിഷേധമാണ് തുടരുന്നത്.

എംവി ഗോവിന്ദന് വക്കീൽ നോട്ടീസയക്കും. നഷ്ടപരിഹാരവും ആവശ്യപ്പെടും. ക്രിമിനൽ നടപടികൾ കൂടി സ്വീകരിക്കേണ്ട പ്രസ്താവനയാണ് ഗോവിന്ദന്‍റേതെന്നും യൂത്ത് കോൺഗ്രസ്‌ നേതാവ് അബിൻ വർക്കി പ്രതികരിച്ചിരുന്നു.ഗോവിന്ദന്‍റേത് സാഡിസ്റ്റ് ചിന്തയാണെന്നും വ്യക്തിപരമായ ആരോഗ്യവിവരങ്ങളാണ് വ്യാജമെന്ന് പറഞ്ഞതെന്നും ഇത് മനുഷ്യത്വവിരുദ്ധമാണെന്നും അബിൻ പ്രതികരിച്ചു.