ജാമ്യാപേക്ഷ അടച്ചിട്ട കോടതിയില്‍ പരിഗണിക്കണം; ഹര്‍ജി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍

തന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അടച്ചിട്ട കോടതിയില്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഹര്‍ജി നല്‍കി. ആറ് ദിവസമായി ഒളിവില്‍ കഴിയുന്ന രാഹുലിന് നാളെ അതിനിര്‍ണായകമാണ്. മുന്‍കൂര്‍ജാമ്യാപേക്ഷ നാളെ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കും. രാഹുലിന് ഒരുകാരണവശാല്‍ ജാമ്യം നല്‍കരുതെന്ന് തെളിവ് നിരത്തി ആവശ്യപ്പെടാന്‍ ഒരുങ്ങുകയാണ് പൊലീസും പ്രോസിക്യൂഷനും.

ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമല്ലെന്നും ക്രൂരമായി ഉപദ്രവിച്ചുകൊണ്ടുള്ള ബലാത്സംഗമാണ് നടന്നതെന്നതിന് ഫോട്ടോകള്‍ അടക്കം തെളിവുണ്ടെന്നാണ് പൊലീസിന്റെ പ്രധാന വാദങ്ങളിലൊന്ന്. അതേസമയം, കഴിഞ്ഞ വ്യാഴാഴ്ച യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് ശേഷം വൈകിട്ട് 5 മണിയോടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഓഫീസില്‍നിന്ന് പോയത്.

വ്യാഴം, വെള്ളി ദിവസങ്ങളില്‍ പൊള്ളാച്ചിയില്‍ ഉണ്ടായിരുന്ന രാഹുല്‍ വെള്ളിയാഴ്ച വൈകുന്നേരം കോയമ്പത്തൂരിലേക്ക് പോയതായാണ് എസ്ഐടിക്ക് ലഭിച്ച വിവരം. എസ്ഐടി സംഘങ്ങള്‍ കോയമ്പത്തൂരിലും പൊള്ളാച്ചിയിലും പരിശോധന നടത്തി. രാഹുലിനെ പിടികൂടാനുള്ള തീവ്ര ശ്രമത്തിലാണ് പൊലീസ്.

Read more

യുവതിയെ ഗര്‍ഭചിദ്രത്തിന് നിര്‍ബന്ധിച്ചെന്ന് വ്യക്തമാക്കുന്ന ആശുപത്രി രേഖകളും ഫോണ്‍ സംഭാഷണവും അടക്കം ഒട്ടേറെ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി രാഹുലിന്റെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.