രാഹുൽ മാങ്കൂട്ടത്തിൽ പുറത്തേക്ക്; എല്ലാ കേസുകളിലും ജാമ്യം ലഭിച്ചു

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിലിന് എല്ലാ കേസുകളിലും ജാമ്യം. നാല് കേസുകളിലും കോടതി ജാമ്യം അനുവദിച്ചതോടെ രാഹുൽ ജയിൽ മോചിതനാകും. യൂത്ത് കോൺ​ഗ്രസ് സെക്രട്ടറിയേറ്റ് മാർച്ച് അക്രമ കേസിലും ഡിജിപി ഓഫീസ് മാർച്ച് കേസിലും ആണ് ഇപ്പോൾ ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

സെക്രട്ടേറിയറ്റ് മാർച്ച് സംബന്ധിച്ച കേസിൽ 50,000 രൂപയോ തത്തുല്യമായ ആൾജാമ്യമോ നൽകണം. ആറ് ആഴ്ചത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം തുടങ്ങിയ ഉപാധികളുണ്ട്. ജനുവരി 9 നാണ് രാഹുൽ അറസ്റ്റിലായത്. രാഹുലിനെ പുലർച്ചെ അടൂരിലെ വീട്ടിൽനിന്നാണ് പൊലീസ് അറസ്റ്റു ചെയ്തത്.

ഡിസംബർ 20ന് നടന്ന യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് റജിസ്റ്റർ ചെയ്ത കേസിലാണ് രാഹുൽ റിമാൻഡിലായത്. പിന്നാലേ ഡിജിപി ഓഫിലേക്ക് നടന്ന മാർച്ചുമായി ബന്ധപ്പെട്ട് മ്യൂസിയം പൊലീസ് സിജെഎം കോടതിയിൽ പ്രൊഡക്ഷൻ വാറന്റ് ഹാജരാക്കി.