കോഴിക്കോട്ടുനിന്ന് വനംമന്ത്രിക്ക് വയനാട്ടില്‍ പോകാന്‍ മനസ് വന്നില്ല; രാഹുല്‍ വാരണസിയില്‍ നിന്ന് മണ്ഡലത്തിലെത്തി; ശശീന്ദ്രന്‍ അട്ടര്‍വേസ്‌റ്റെന്ന് യൂത്ത് കോണ്‍ഗ്രസ്

രണ്ടാഴ്ച്ചയ്ക്കുളളില്‍ മൂന്നു പേര്‍ വന്യജീവി അക്രമത്തില്‍ കൊല്ലപ്പെട്ടിട്ട്, കോഴിക്കോട്ട് നിന്ന് വനം മന്ത്രിക്ക് വയനാട്ടില്‍ പോകാന്‍ ഇതുവരെ മനസ്സ് വന്നില്ലന്നും എന്നാല്‍ ഭാരത് ജോഡോ യാത്ര നിര്‍ത്തി വാരണസിയില്‍ നിന്ന് രാഹുല്‍ ഗാന്ധിയെത്തിയെന്നും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍.

കാട്ടുപോത്തും കാട്ടാനയും കടുവയും അട്ടര്‍വേസ്റ്റായ വനംമന്ത്രിയും ഒരു പോലെ ഉത്തരവാദികളാണ് ഈ കൊലപാതകത്തിലെന്നും അദേഹം വിമര്‍ശിച്ചു.

വയനാട്ടിലെ അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന് ഭാരത് ജോഡോ ന്യായ് യാത്ര താത്കാലികമായി നിറുത്തിവച്ചാണ് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തിയിരിക്കുന്നത്. ജില്ലയില്‍ കനത്ത പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് രാഹുല്‍ മണ്ഡലത്തിലെത്തിയത്. ഇന്നു അദേഹം സ്ഥലങ്ങള്‍ സന്ദര്‍ശിക്കും.

തുടരെയുള്ള കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെയും അജീഷിന്റെയും വീടുകള്‍ രാഹുല്‍ സന്ദര്‍ശിക്കും. സ്ഥലം എംപി കൂടിയായ രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്താത്തതിലും പ്രശ്നത്തില്‍ ഇടപെടാത്തതിലും ജില്ലയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. രാഹുല്‍ ഗാന്ധി ഇന്നു വയനാട് സന്ദര്‍ശിച്ച ശേഷം വൈകിട്ടോടെ അലഹബാദിലെ പൊതുസമ്മേളനത്തിനായി തിരികെ പോകും.

കാട്ടാനയുടെ ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ പോള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ജില്ലയില്‍ ഹര്‍ത്താലുള്‍പ്പെടെയുള്ള വലിയ പ്രതിഷേധം ഉണ്ടായത്. ജനങ്ങളോട് സംസാരിക്കാന്‍ സ്ഥലത്തെത്തിയ ടി സിദ്ദിഖ് എംഎല്‍എ, ഐസി ബാലകൃഷ്ണന്‍ എന്നിവര്‍ക്ക് നേരെയും പ്രതിഷേധക്കാരുടെ കൈയേറ്റ ശ്രമമുണ്ടായി.

ലാത്തി വീശിയാണ് പൊലീസ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്. പ്രദേശത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ജനരോക്ഷത്തെ തുടര്‍ന്ന് കൂടുതല്‍ പൊലീസെത്തി സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.