രാഹുല്‍ ഗാന്ധി സൂക്ഷിക്കണം; കൂടെ നടക്കുന്ന കെ.സി വേണുഗോപാല്‍ ബി.ജെ.പി ഏജന്റെന്ന് പി.എസ് പ്രശാന്ത്

കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെതിരെ ഗുരുതര ആരോപണങ്ങളുമായി നെടുമങ്ങാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയയിരുന്ന പി എസ് പ്രശാന്ത് രംഗത്ത്. രാഹുല്‍ ഗാന്ധിക്ക് അയച്ച കത്തിലാണ് വിമര്‍ശനം.

ഒപ്പം നില്‍ക്കുന്നവരെ രാഹുല്‍ ഗാന്ധി ശ്രദ്ധിക്കണം. പാര്‍ട്ടിയുടെ മൂന്നാമനായ വ്യക്തിയുടെ നീക്കങ്ങള്‍ ദുരൂഹവും സംശയാസ്പദവുമാണ്. ബിജെപിയുടെ ഏജന്റായാണ് കെ സി വേണുഗോപാല്‍ പ്രവര്‍ത്തിക്കുന്നത്. ഗോവ, കര്‍ണാടക, പഞ്ചാബ്, രാജസ്ഥാന്‍, ചത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളുടെ ചുമതല അദ്ദേഹത്തെ ഏല്‍പിച്ചതിലൂടെ ബിജെപി ഭരണത്തിനാണ് വഴി വെച്ചതെന്നും പി എസ് പ്രശാന്ത് ഇ മെയിലില്‍ പറയുന്നു.

രാഹുല്‍ ഗാന്ധിയെ വയനാട്ടിലേക്ക് കൊണ്ടു വരുന്നതിന് ആരൊക്കെ ശ്രമിച്ചിട്ടുണ്ടോ അവരെയൊക്കെ സൂക്ഷിക്കണമെന്നും പ്രശാന്ത് പറയുന്നു. രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയതോടെ ദേശീയ തലത്തില്‍ തന്നെ പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ നെടുമങ്ങാട് മണ്ഡലത്തില്‍ നിന്ന് മത്സരിച്ച പ്രശാന്ത് തന്നെ തോല്‍പിക്കാന്‍ പാലോട് രവി നേതൃത്വം നല്‍കിയെന്ന ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ പാലോട് രവിയെ ഡിസിസി അദ്ധ്യക്ഷനാക്കിയതോടെ പ്രശാന്ത് അദ്ദേഹത്തിനെതിരെ വീണ്ടും ആരോപണങ്ങളുന്നയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കെപിസിസി അദ്ധ്യക്ഷന്‍ പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. രാഹുല്‍ഗാന്ധിക്ക് അയച്ച സന്ദേശത്തിലും പാലോട് രവി ക്വാറി മാഫിയയുടെ ഏജന്റാണെന്ന ആരോപണവും പ്രശാന്ത് ഉന്നയിക്കുന്നുണ്ട്.

1991ല്‍ ജി കാര്‍ത്തികേയനും, തലേക്കുന്നില്‍ ബഷീറുമൊക്കെ മത്സരിച്ച സമയത്ത് താന്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുകയായിരുന്നുവെന്നും അന്നുമുതല്‍ സാധാരണക്കാരനായ തന്റെ പിതാവിനോടൊപ്പം പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതാണെന്നും പ്രശാന്ത് പറഞ്ഞുവെയ്ക്കുന്നു. നേതൃത്വം ഇക്കാര്യങ്ങളില്‍ വ്യക്തമായ തീരുമാനം കൈക്കൊണ്ടില്ലെങ്കില്‍ കെഎസ്‌യുവിലൂടെ യൂത്ത്‌കോണ്‍ഗ്രസിലൂടെ വന്ന തന്റെ മുപ്പത് വര്‍ഷത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തനം അവസാനിപ്പിച്ച് പുറത്ത് പോകേണ്ടി വരുമെന്നും പ്രശാന്ത് രാഹുലിനയച്ച സന്ദേശത്തില്‍ ഓര്‍മ്മിപ്പിക്കുന്നു.