രാഹുല്‍ ഗാന്ധി സ്വീകാര്യനല്ല; അമേഠിയില്‍ വരെ മാറ്റങ്ങള്‍ ഉണ്ടായി; മത്സരിക്കാന്‍ ആവശ്യപ്പെട്ടത് കേന്ദ്ര നേതൃത്വമെന്ന് കെ സുരേന്ദ്രന്‍

വയനാട്ടില്‍ സിപിഐയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് യാതൊരു പ്രസക്തിയുമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വയനാട്ടില്‍ കോണ്‍ഗ്രസിന് മേല്‍ക്കോയ്മ ഉണ്ടെന്ന് പറയുന്നത് പ്രതികൂലമാവില്ല. നെഹ്‌റു കുടുംബത്തിന്റെ കുത്തകയായിരുന്ന അമേഠിയില്‍ വരെ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ശക്തമായ മത്സരം വേണമെന്ന കേന്ദ്ര നിര്‍ദ്ദേശപ്രകാരമാണ് ഈ ലോകസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. രാഹുല്‍ഗാന്ധിക്കെതിരെ ശക്തമായ മത്സരം വേണം എന്നാണ് കേന്ദ്ര നേതൃത്വം അറിയിച്ചത്. കേന്ദ്രനേതൃത്വമാണ് വയനാട് ജില്ലയില്‍ എന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടത്. ഇത് മോദി, അമിത് ഷാ, ജെ പി നദ്ദ തുടങ്ങിയവരെല്ലാം ചേര്‍ന്നെടുത്ത തീരുമാനമാണ്.

അതുകൊണ്ട് ഞാന്‍ മത്സരിക്കുന്നുവെന്നും അതല്ലാതെ സംസ്ഥാന നേതൃപദവി ഒഴിയുന്ന കാര്യത്തിലോ അല്ലെങ്കില്‍ മറ്റാരെയെങ്കിലും ചുമതല ഏല്‍പ്പിക്കുന്ന കാര്യത്തിലോ ഇതുവരെ നിര്‍ദ്ദേശങ്ങള്‍ ഒന്നും കിട്ടിയിട്ടില്ല എന്നും സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം എംപി എന്ന നിലയില്‍ രാഹുല്‍ ഗാന്ധി വയനാട്ടുകാര്‍ക്ക് ഒട്ടും സ്വീകാര്യനല്ലെന്നും രാഹുല്‍ എന്ത് ചെയ്തില്ല എന്നത് വോട്ട് ആകുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.