തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയില്‍; കടുത്ത ഗതാഗത നിയന്ത്രണം

കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്നെത്തും. ഉച്ചയ്ക്ക് 12 മണിക്ക് കല്ലാച്ചിയിലാണ് ആദ്യ പരിപാടി. ശേഷം 1.30ന് പേരാമ്പ്രയിലെ കോര്‍ണര്‍ മീറ്റിംഗില്‍ പങ്കെടുക്കും. പേരാമ്പ്ര നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹ്‌ലിയയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് രാഹുൽ എത്തുന്നത്.

2.40-ന് ബാലുശേരി മുതല്‍ നന്മണ്ട വരെ ഗ്യാരന്റി ബസ് യാത്രയിലും 3.50-ന് കൊയിലാണ്ടിയിലെ റോഡ് ഷോയിലും പങ്കെടുക്കും. ബാലുശ്ശേരിയിൽ യുഡിഎഫ് സ്ഥാനാർഥി വി. ടി. സൂരജിന് വേണ്ടിയും നന്മണ്ടയിൽ എലത്തൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി വിദ്യാ ബാലകൃഷ്ണന് വേണ്ടിയും രാഹുൽ ഗാന്ധി റോഡ് ഷോ നടത്തും.

പഴയ ചിത്ര ടാക്കീസിന് സമീപത്തു നിന്ന് ആരംഭിക്കുന്ന റോഡ് ഷോ കൊയിലാണ്ടി സ്റ്റേഡിയത്തില്‍ സമാപിക്കും. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി തങ്ങള്‍, കെപിസിസി ആക്ടിങ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംപി, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കെപിസിസി ഭാരവാഹികള്‍ എന്നിവര്‍ റോഡ് ഷോയില്‍ പങ്കെടുക്കും. ശേഷം പൊതുസമ്മേളനത്തിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും.

രാഹുല്‍ ഗാന്ധി എത്തുന്നതിനാല്‍ ജില്ലയില്‍ ചില സ്ഥലങ്ങളില്‍ രാവിലെ 10 മുതൽ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വടകര ഭാഗത്തു നിന്ന് കുറ്റ്യാടി ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കുനിങ്ങാട്, തണ്ണീര്‍പന്തല്‍, ചേലക്കാട് വഴിയും കുറ്റ്യാടി ഭാഗത്തു നിന്ന് വടകര ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഇതേ റൂട്ടില്‍ തിരിച്ചുപോകണം.

തലശ്ശേരി ഭാഗത്തു നിന്നുള്ള വാഹനങ്ങള്‍ ആവോലം റോഡ്, മിനി ബൈപാസ് വഴി പയന്തോങ് ഭാഗത്തേക്കു പോകണം. പരിപാടിക്ക് എത്തുന്ന വാഹനങ്ങള്‍ വാണിമേല്‍ റോഡിലെ ലൂളി ഗ്രൗണ്ട്, കോര്‍ട്ട് റോഡ്, എംഇടി കോളജ് റോഡ് തുടങ്ങിയവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം. മെയിന്‍ റോഡില്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് അടക്കം പാര്‍ക്കിങ് അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.