പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ‘പോറ്റിയെ കേറ്റിയേ’ പാരഡി ഗാനം പാടിയതിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കട്ടവരൊക്കെ സ്വന്തം വീട്ടിലെത്തിയത് എങ്ങനെയെന്ന് രാഹുൽ ഗാന്ധി ആലോചിച്ചാൽ മറുപടിയാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
രാഹുൽഗാന്ധിയുടെ അമ്മ കൂടിയായ സോണിയ ഗാന്ധിയുടെ വീട്ടിലേക്ക് ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ള സ്വർണം മോഷ്ടിച്ചവരും വിറ്റവരും വാങ്ങിയവരും ഒരുപോലെ എത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. എൽഡിഎഫ് വർഗീയതയുമായി ഒത്തു പോകുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ രാഷ്ട്രീയ ലാഭത്തിനു വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ടയിൽ നടന്ന യുഡിഎഫ് പൊതുയോഗത്തിൽ പ്രസംഗിക്കുന്നതിനിടെയാണ് ‘സ്വർണം കട്ടത് ആരപ്പാ’ എന്ന് രാഹുൽഗാന്ധി ചോദിച്ചത്. ഈ വരികളിലൂടെ തന്നെ നിങ്ങൾക്ക് കേരളത്തിലെ തിരഞ്ഞെടുപ്പിന്റെ യാഥാർത്ഥ്യം മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.







