'മിടുക്കനായ വിദ്യാര്‍ത്ഥിയെ മരണത്തിലേക്ക് തള്ളിവിട്ടത് ആരായാലും മാപ്പര്‍ഹിക്കാത്ത കുറ്റമാണ്'; കേരളമാകെ നിതിന്‍ രാജിന്റെ കുടുംബത്തിനൊപ്പമാണെന്ന് മുഖ്യമന്ത്രി

ജീവിതം മുഴുവന്‍ ജാതീയ വേര്‍തിരിവുകള്‍ക്കെതിരെ പോരാടിയ മഹാനാണ് ഡോ. ബി.ആര്‍. അംബേദ്കര്‍ എന്ന് അനുസ്മരിച്ചു കൊണ്ട് കേരളത്തെ നടുക്കിയ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെ പരാമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്‍പ്പെടെ കടുത്ത ജാതീയത തലപൊക്കുന്ന ആശങ്ക ജനിപ്പിക്കുന്ന വാര്‍ത്തകള്‍ക്ക് നടുവിലാണ് നാമിന്നുള്ളതെന്നും ഒരു സമൂഹമെന്ന നിലയില്‍ കേരളം ആര്‍ജിച്ച മൂല്യങ്ങള്‍ കൈമോശം വന്നോ എന്നു പരിശോധിക്കേണ്ട ഘട്ടമാണിതെന്നും മുഖ്യമന്ത്രി പറയുന്നു.

രാജ്യത്ത് വര്‍ധിച്ചുവരുന്ന ജാതീയമായ വേര്‍തിരിവുകള്‍ക്കെതിരെയും ക്യാമ്പസുകളിലെ വിവേചനങ്ങള്‍ക്കെതിരെയും ശക്തമായ പ്രതികരണമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയത്. ഭരണഘടനാ ശില്പി ഡോ. ബി ആര്‍ അംബേദ്കറുടെ ജന്മദിനത്തില്‍ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലാണ് കേരളത്തെ നടുക്കിയ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെ പരാമര്‍ശിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വകാര്യ മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ ബി ഡി എസ് വിദ്യാര്‍ത്ഥിയായിരുന്ന നിതിന്‍ രാജിന്റെ മരണം കേരളത്തിന് അംഗീകരിക്കാന്‍ കഴിയാത്ത ഒന്നാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘മിടുക്കനായ ഒരു വിദ്യാര്‍ത്ഥിയെ മരണത്തിലേക്ക് തള്ളിവിട്ടത് ആരായാലും അത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. കേരളമാകെ നിതിന്‍ രാജിന്റെ കുടുംബത്തിനൊപ്പമുണ്ട്. പുരോഗമന കേരളത്തിന് ഇത്തരം വാര്‍ത്തകള്‍ ഒട്ടും ഭൂഷണമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ സമൂഹം ആര്‍ജിച്ച മൂല്യങ്ങള്‍ കൈമോശം വന്നോ എന്ന് പരിശോധിക്കേണ്ട ഘട്ടമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്യാമ്പസുകളിലെ ജാതീയ വിവേചനങ്ങള്‍ അവസാനിപ്പിക്കാന്‍ ‘രോഹിത് വെമുല ആക്റ്റ്’ നടപ്പിലാക്കണമെന്ന ദീര്‍ഘകാല ആവശ്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇതിന് പകരമായി കൊണ്ടുവന്ന യുജിസി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സുപ്രീം കോടതി മരവിപ്പിച്ച സാഹചര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഭജനവും വിദ്വേഷവും വളര്‍ത്തുന്ന പ്രവണതകള്‍ക്കെതിരെ ജനാധിപത്യ സമൂഹം ഒന്നിച്ച് നില്‍ക്കണമെന്നും, സമത്വത്തിലും സാമൂഹിക നീതിയിലുമധിഷ്ഠിതമായ ഒരു സമൂഹസൃഷ്ടിക്കായി അംബേദ്കറുടെ ആശയങ്ങള്‍ നമുക്ക് കരുത്ത് പകരട്ടെ എന്നും പറഞ്ഞാണ് മുഖ്യമന്ത്രി കുറിപ്പ് അവസാനിപ്പിച്ചത്.

മുഖ്യമന്ത്രിയുടെ കുറിപ്പിന്റെ പൂര്‍മരൂപം

ഇന്ന് ഭരണഘടനയുടെ ശില്പിയായ ഡോ. ബി.ആർ. അംബേദ്കറുടെ ജന്മദിനം. ജാതീയമായ വേർതിരിവുകൾ ഇല്ലാത്ത സമൂഹം സൃഷ്ടിക്കാനായി ജീവിതം മുഴുവൻ സമർപ്പിച്ച മഹാനാണ് അംബേദ്കർ. ജാതിവ്യവസ്ഥക്കെതിരെ അദ്ദേഹം നടത്തിയ നിർഭയമായ പോരാട്ടങ്ങളും സാമൂഹിക നീതിക്കായുള്ള ഉറച്ച ഇടപെടലുകളും എക്കാലവും രാജ്യത്തിന് വഴികാട്ടുന്നവയാണ്.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലുൾപ്പെടെ കടുത്ത ജാതീയത തലപൊക്കുന്ന ആശങ്ക ജനിപ്പിക്കുന്ന വാർത്തകൾക്ക് നടുവിലാണ് നാമിന്നുള്ളത്. ഒരു സമൂഹമെന്ന നിലയിൽ കേരളം ആർജിച്ച മൂല്യങ്ങൾ കൈമോശം വന്നോ എന്നു പരിശോധിക്കേണ്ട ഘട്ടമാണിത്. കണ്ണൂർ അഞ്ചരക്കണ്ടി സ്വകാര്യ മെഡിക്കൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം അത്യന്തം വേദനയുളവാക്കുന്നതാണ്. പുരോഗമന കേരളത്തിന്‌ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്ത വാർത്തകളാണ് തിരുവനന്തപുരം ഉഴമലക്കൽ സ്വദേശി നിതിൻരാജിന്റെ മരണത്തെ തുടർന്ന് പുറത്തു വരുന്നത്. മിടുക്കനായ വിദ്യാർത്ഥിയെ മരണത്തിലേക്ക് തള്ളിവിട്ടത് ആരായാലും മാപ്പർഹിക്കാത്ത കുറ്റമാണ് അത്. കേരളമാകെ നിതിൻ രാജിന്റെ കുടുംബത്തിനൊപ്പമാണ്.
ക്യാമ്പസ്സുകളിലെ ജാതീയ വിവേചനങ്ങൾ നിയമംമൂലം അവസാനിപ്പിക്കാൻ രോഹിത് വെമുല ആക്റ്റ് നടപ്പിലാക്കണമെന്ന ദീർഘകാല ആവശ്യം പരിഗണിക്കാൻ കേന്ദ്രസർക്കാർ ഇനിയും തയ്യാറായിട്ടില്ല. പകരം കൊണ്ടുവന്ന യുജിസി മാർഗ നിർദ്ദേശങ്ങൾ സുപ്രീം കോടതി മരവിപ്പിച്ചിരിക്കുകയുമാണ്. ജാതിവിവേചനമുൾപ്പെടെയുള്ള വിഭജനവും വിദ്വേഷവും വളർത്തുന്ന പ്രവണതകൾക്കെതിരെ നാം ഒരുമിച്ച് നിലകൊള്ളേണ്ട സമയം കൂടിയാണിത്. സമത്വത്തിലും സാമൂഹ്യ നീതിയിലുമധിഷ്ഠിതമായ ഒരു സമൂഹസൃഷ്ടിക്കായി അംബേദ്കറിന്റെ ആശയങ്ങളും ഓർമ്മകളും നമുക്ക് ശക്തി പകരട്ടെ.
എല്ലാവർക്കും അംബേദ്കർ ജയന്തി ആശംസകൾ.