ഗള്‍ഫിലേക്ക് നഴ്‌സിങ് റിക്രൂട്ടിങ് തീവ്രവാദികള്‍ക്കുള്ള ലൈംഗിക സേവയ്ക്ക്, വിവാദ പ്രസംഗവുമായി ഖത്തര്‍ മലയാളം മിഷന്‍ കോര്‍ഡിനേറ്റര്‍

തിരുവനന്തപുരത്ത് നടന്ന ഹിന്ദു മാഹാസമ്മേളനത്തില്‍ വിദ്വേഷ പ്രസംഗവുമായി ഖത്തര്‍ മലയാളം മിഷന്‍ കോര്‍ഡിനേറ്റര്‍ ദുര്‍ഗാദാസ്. ഗള്‍ഫ് രാജ്യങ്ങളിലാണ് ഇന്ത്യയിലേക്കാള്‍ കൂടുതല്‍ മതപരിവര്‍ത്തനം നടക്കുന്നത്. നഴ്‌സിങ് റിക്രൂട്ട്മെന്റ് എന്ന പേരില്‍ തീവ്രവാദികള്‍ക്കുള്ള ലൈംഗിക സേവയ്ക്കായി നഴ്സുകളെ കൊണ്ടുപോകുന്നു എന്ന് ദുര്‍ഗാദാസ് പറഞ്ഞു.

തീവ്ര ക്രിസ്ത്യന്‍ സംഘടനായ ‘കാസ’ സംസ്ഥാന പ്രസിഡന്റ് കെവിന്‍ പീറ്റര്‍, ഹിന്ദു മഹാസമ്മേളനത്തിന്റെ സംഘാടകരില്‍ ഒരാളായ അഡ്വ. കൃഷ്ണരാജ്, രാജേഷ് നാഥന്‍ എന്നിവര്‍ പങ്കെടുത്ത പരിപാടിയില്‍ കെവിന്‍ പീറ്ററിനോടുള്ള ചോദ്യമെന്ന രീതിയിലായിരുന്നു ദുര്‍ഗാദാസിന്റെ പരാമര്‍ശം. ഹിന്ദു കുടുംബത്തിലെ കുട്ടികളെ സനാതന ധര്‍മ്മത്തില്‍ വളര്‍ത്താന്‍ ന്യൂനപക്ഷ വകുപ്പിന്റെ മാതൃകയില്‍ സംവിധാനം ആവശ്യമാണെന്ന് അയാള്‍ ആവശ്യപ്പെട്ടു.

നഴ്‌സിങ് റിക്രൂട്ടിങിന്റെ പേരില്‍ നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍തടയാന്‍ വേണ്ട നടപടിയോ മറ്റ് കാര്യങ്ങളോ ഇവിടെ നിന്ന് നമുക്ക് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് ദുര്‍ഗാദാസ് ചോദിച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പടെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഇക്കഴിഞ്ഞ ഏപ്രില്‍ 22ന് മലയാളം മിഷന്‍ ഡയറക്ടര്‍ മുരുകന്‍ കാട്ടാക്കട പങ്കെടുത്ത പരിപാടിയില്‍ അതിഥിയായി സംസാരിച്ചവരില്‍ ദുര്‍ഗാദാസും ഉള്‍പ്പെട്ടിരുന്നു.

ഹിന്ദു മഹാസമ്മേളനത്തില്‍ വച്ച് കേന്ദ്രമന്ത്രി വി മുരളീധരനില്‍ നിന്നും മികച്ച സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവാര്‍ഡ് ഇയാള്‍ ഏറ്റുവാങ്ങുന്നു എന്ന് അവകാശപ്പെടുന്ന ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.