പിവി അന്‍വര്‍ എംഎല്‍എക്കെതിരായ പരാതി; നടപടിക്കൊരുങ്ങി സർക്കാർ

പി വി അന്‍വര്‍ എംഎല്‍എക്കെതിരായ പരാതിയില്‍ നടപടിയെടുക്കാനൊരുങ്ങി മുഖ്യമന്ത്രി. എംഎല്‍എക്കെതിരെ സ്പീക്കര്‍ക്ക് കിട്ടിയ പരാതി മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറുകയായിരുന്നു.

തിരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങളാണ് നല്‍കിയതെന്ന ആരോപണം ഉയരുന്നുണ്ട്. വില്ലേജ് ഓഫീസ് രേഖകളില്‍ സ്വന്തം പേരിലല്ലാത്ത ഭൂമിയും തിരഞ്ഞെടുപ്പ് സമയത്ത് തന്റെ പേരിലുള്ളതായി കാണിച്ചിട്ടുണ്ട്. ഇത് അച്ചടി പിശകാണെന്നാണ് അന്‍വര്‍ എംഎല്‍എ വാദിക്കുന്നത്. എന്നാല്‍ തുടര്‍ച്ചയായി നല്‍കിയ സത്യവാങ്മൂലങ്ങളിലെല്ലാം ഇത് ആവര്‍ത്തിച്ചിരിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് സംശയമുണ്ട്. പരാതിയെ കുറിച്ച് വിശദമായി അന്വേഷിക്കാന്‍ മുഖ്യമന്ത്രി മലപ്പുറം കളക്ടറെ ചുമതലപ്പെടുത്തി.

ഈ വിവരങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് മലപ്പുറത്തെ വിവരാവകാശ കൂട്ടായ്മ എംഎല്‍എക്കെതിരെ പരാതി നല്‍കിയത്. വില്ലേജ് ഓഫീസില്‍ ലഭിക്കുന്ന വിവരമനുസരിച്ച് രണ്ടേക്കറോളം ഭൂമി മാത്രമാണ് തൃക്കലങ്ങോട് വില്ലേജില്‍ പി വി അന്‍വറിന്റെ പേരിലിലുള്ളത്. എന്നാല്‍ ആറ് ഏക്കര്‍ ഭൂമിയുടെ നികുതി അടച്ചതിന്റെ രേഖകളും, സ്ഥലത്തിന്റെ ആധാരത്തിന്റെ പകര്‍പ്പും മാധ്യമങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്.