സ്വന്തം സഭയും ആതുരസേവനവും സാമ്പത്തിക തട്ടിപ്പും- യോഹന്നാന്റെ വിവാദ ജീവിതം; കുടിലില്‍ നിന്ന് കൊട്ടാരമെത്തിയ അത്ഭുത കഥയിലെ 'മെത്രോപ്പൊലീത്ത'

കെപി യോഹന്നാന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ സമ്മിശ്ര പ്രതികരണമാകും മലയാളി സമൂഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുക. ചിലര്‍ക്ക് വിശ്വാസത്തിന്റെ അങ്ങേത്തലത്തില്‍ പരമപൂജ്യനും മറ്റ് ചിലര്‍ക്ക് ആതുര സേവന രംഗത്ത് നിസ്തുല സംഭാവന നല്‍കിയ സുവിശേഷ പ്രാസംഗികനും മറ്റു ചിലര്‍ക്ക് വിശ്വാസം വിറ്റു സാമ്പത്തിക തട്ടിപ്പ് നടത്തിയ കച്ചവടക്കാരനുമാണ് കെപി യോഹന്നാന്‍. ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് എന്ന സ്വന്തം സഭയുണ്ടാക്കി ശതകോടികളുടെ ആസ്തിയുള്ള വിശ്വാസ സാമ്രാജ്യം സൃഷ്ടിച്ച കെ പി യോഹന്നാന്‍ രാജ്യത്തിനകത്തും പുറത്തും ചര്‍ച്ചയായ വ്യക്തിത്വമാണ്. കെ പി യോഹന്നാന്റെ അമേരിക്കയിലെ കാര്‍ ആക്‌സിഡന്റും മരണവും കെട്ടുകഥകളെ വെല്ലൂന്ന ഗൂഢാലോചന സിദ്ധാന്തമായി പുറത്തുവന്നുണ്ടിരിക്കുമ്പോള്‍ ആരായിരുന്നു കെ പി യോഹന്നാന്‍ എന്ന ചര്‍ച്ചകള്‍ പുത്തന്‍ തലത്തിലേക്ക് നീങ്ങുകയാണ്.

മാന്ത്രിക വടി കൊണ്ട് കൊട്ടാരവും സാമ്രാജ്യവുമുണ്ടാക്കിയ ഒരു സാധാരണക്കാരന്‍. സുവിശേഷ പ്രസംഗത്തിലൂടെ ക്രൈസ്തവ സമൂഹത്തില്‍ സ്വന്തമായി സഭയുണ്ടാക്കി സ്വയം മെത്രോപ്പൊലീത്തയായി അവരോധിച്ച വ്യക്തി. ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്ന സ്ഥാപനം ഉണ്ടാക്കി രാജ്യത്തിനകത്തും പുറത്തും വിശ്വാസവും കച്ചവടവും കൂട്ടിച്ചേര്‍ത്ത് പണമൊഴുക്കിന് വഴിയുണ്ടാക്കിയ ആത്മീയാചാര്യന്‍. ആത്മീയ യാത്രയെന്ന പ്രതിദിന സുവിശേഷ പ്രഘോഷണത്തിലൂടെ വളര്‍ന്നു പന്തലിച്ച് ബിലീവേഴ്‌സ് ചര്‍ച്ചെന്ന പേരില്‍ ഒരു എപ്പിസ്‌കോപ്പല്‍ സഭയ്ക്ക് രൂപം നല്‍കി സ്വയം പ്രഖ്യാപിത മെത്രോപ്പൊലീത്തയായ വ്യക്തി. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ നിക്ഷേപമടക്കം അമേരിക്കയിലേയും കാനഡയിലേയും സാമ്പത്തിക തട്ടിപ്പുമെല്ലാം കെ പി യോഹന്നാന്റെ പേരിനൊപ്പം ഉയര്‍ന്നു കേള്‍ക്കാം. മെഡിക്കല്‍ കോളേജുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി കേരളത്തില്‍ മാത്രം ശതകോടികളുടെ ആസ്തിയാണ് യോഹന്നാന്‍ പരമാധ്യക്ഷനായ ബിലീവേഴ്സ് ചര്‍ച്ചിനുള്ളത്. അദ്ദേഹത്തിന്റെ കീഴിലുള്ള ഗോസ്പല്‍ ഏഷ്യയ്ക്ക് വിദേശരാജ്യങ്ങളിലും കോടികളുടെ ആസ്തിയുണ്ട്.

അപ്പര്‍ കുട്ടനാട്ടിലെ നിരണമെന്ന ഗ്രാമത്തില്‍ നിന്നും ശതകോടികളുടെ ആസ്തിയുള്ള ബിലീവേഴ്‌സ് ചര്‍ച്ചിന്റെ തലതൊട്ടപ്പനായി മാറിയ കെപി യോഹന്നാന്റെ ജീവിത കഥ മാന്ത്രിക വടി കൊണ്ട് സാമ്രാജ്യമുണ്ടാക്കിയത് പോലെ അവിശ്വസനീയമാണ്. ആ കഥ തുടങ്ങുന്നത് തിരുവല്ലയ്ക്കടുത്ത് അപ്പര്‍കുട്ടനാട്ടിലെ നിരണത്ത് മാര്‍ത്തോമ്മാ വിശ്വാസികളായ കടപ്പിലാരില്‍ വീട്ടില്‍ ചാക്കോ പുന്നൂസിന്റെ മകനായി 1950ല്‍് യോഹന്നാന്‍ ജനിച്ചപ്പോഴാണ്. ശരാശരിയില്‍ താഴെയുള്ള ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച കടപ്പിലാരില്‍ പുന്നൂസ് യോഹന്നാന്‍ എന്ന കെ.പി. യോഹന്നാന്‍ ശതകോടികളുടെ ആസ്തിയുള്ളയാളായി വളര്‍ന്ന് പന്തലിച്ചാണ് ഈ ലോകത്ത് നിന്ന് 74ാം വയസില്‍ വിടവാങ്ങിയത്.

കുട്ടനാട് അപ്പര്‍ കുട്ടനാട്ടിലെ സാധാരണക്കാരെ പോലെ യോഹന്നാന്റെ പിതാവ് ചാക്കോ പുന്നൂസ് ഒരു താറാവ് കര്‍ഷകനായിരുന്നു. തന്റെ ബാല്യകാലത്തില്‍ അപ്പനൊപ്പം താറാവുകളെ മേയ്ക്കുന്ന ജോലിയില്‍ നിന്ന് കൗമാരത്തിലേക്ക് കടന്നതോടെ ദൈവവിളിയിലേക്ക് കടന്നുവെന്നാണ് വിവരം. പാസ്റ്ററായി തുടങ്ങി പിന്നീട് പൊന്നുംവിലയുള്ള സുവിശേഷ പ്രാസംഗികനായി. കവലകളില്‍ സുവിശേഷം പ്രസംഗിച്ച് നടന്ന പാസ്റ്ററില്‍ നിന്ന് വന്‍ വേദികളില്‍ ആത്മീയ പ്രഭാഷണം നടത്തുന്ന ആത്മീയാചാര്യനായി മാറി. 16ാമത്തെ വയസില്‍ ഓപ്പറേഷന്‍ മൊബിലൈസേഷന്‍ എന്ന തിയോളജിക്കല്‍ സംഘടനയില്‍ ചേര്‍ന്നതോടെയാണ് അപ്പര്‍ കുട്ടനാട്ടില്‍ നിന്നും യോഹന്നാന്റെ പറിച്ചുനടീല്‍. ആത്മീയ കൂട്ടായ്മയിലെ സുവിശേഷകനും സ്ഥാപകനുമായ ജോര്‍ജ് വെര്‍വറിനൊപ്പം ചേര്‍ന്ന് ഉത്തരേന്ത്യന്‍ യാത്രകളും പിന്നീട് അമേരിക്കയിലേക്കുള്ള യാത്രയും. അമേരിക്കയിലെ ഡള്ളാസിലെ ആത്മീയ പഠനവും നേറ്റീവ് അമേരിക്കന്‍ ബാപ്പിസ്റ്റ് ചര്‍ച്ചില്‍ പാസ്റ്ററായും പ്രവര്‍ത്തിച്ചു. ഓപ്പറേഷന്‍ മൊബിലൈസേഷനില്‍ യോഹന്നാനൊപ്പം സേവനം ചെയ്ത ഗിസല്ലയെ യോഹന്നാനെ അവരുടെ ജന്മദേശമായ ജര്‍മ്മനിയില്‍വെച്ച് കെ പി യോഹന്നാന്‍ വിവാഹം കഴിച്ചു.

ഭാര്യയോടൊപ്പം സുവിശേഷ പ്രവര്‍ത്തനം ആരംഭിച്ച കെ പി യോഹന്നാന്‍ 1978ല്‍ ഗിസല്ലയുമായി ചേര്‍ന്ന് ടെക്‌സാസില്‍ ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്ന സ്ഥാപനം തുടങ്ങി. പിന്നീട് വര്‍ഷങ്ങള്‍ നീണ്ട വിദേശവാസത്തിനു ശേഷം 1983ല്‍ തിരുവല്ലയില്‍ ഗോസ്പല്‍ ഏഷ്യയുടെ ആസ്ഥാനം നിര്‍മ്മിച്ച് കേരളത്തിലെ സുവിശേഷ പ്രവര്‍ത്തനം ആരംഭിച്ചു. ആത്മീയയാത്രയെന്ന പ്രതിദിന സുവിശേഷ പ്രഘോഷണം റേഡിയോയിലൂടെ അവതരിപ്പിച്ചതോടെ കൂടുതല്‍ പ്രചാരം നേടി.

ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്ന കൂട്ടായ്മയും ആത്മീയ യാത്രയും ബിലീവേഴ്സ് സഭയായി രൂപാന്തരപ്പെട്ടത് കാലാന്തരത്തിലാണ്. 2003ലാണ് ബിലീവേഴ്‌സ് ചര്‍ച്ച് എന്ന് എപ്പിസ്‌കോപ്പല്‍ സഭ രൂപം കൊണ്ടത്. നിരവധി രാജ്യങ്ങളില്‍ ശാഖകളുള്ള സഭയുടെ തലവനായി മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്ത പ്രഥമന്‍ എന്ന പേരില്‍ യോഹന്നാന്‍ 2003ല്‍ സ്വയം അഭിഷിക്തനായി. കാലംമാറിയപ്പോള്‍ റേഡിയോയില്‍നിന്ന് സുവിശേഷപ്രവര്‍ത്തനം ടിവിയിലേക്ക് മാറ്റി. ആത്മീയയാത്ര ചാനല്‍സംഘം ഇതില്‍ മുന്‍നിരക്കാരായി. ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്ന പ്രസ്ഥാനത്തെ വലിയ സാമ്പത്തിക കൂട്ടായ്മയായി വളരാന്‍ ഇടയാക്കിയതില്‍ ഈ ചാനലിനും വലിയ പങ്കുണ്ടായിരുന്നു.

അമേരിക്കയില്‍ ജീവകാരുണ്യത്തിനായി പിരിച്ചെടുത്ത കോടികള്‍ കെപി യോഹന്നാന്‍ വഴിമാറ്റിയെടുത്തതിനെതിരെ 2016 കാലത്ത് വലിയ സാമ്പത്തിക ക്രമക്കേട് പരാതി ഉയര്‍ന്നു വന്നിരുന്നു. അമേരിക്കയില്‍ നിന്ന് പണം ഇന്ത്യയിലേക്ക് കടത്തിയതടക്കം നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നു. സന്നദ്ധ സംഘടനയുടെ പേരില്‍ കോടികള്‍ പിരിച്ചു വളരെ കുറച്ചു മാത്രം ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചുള്ളുവെന്ന കേസ് 2019ല്‍ നഷ്ടപരിഹാരം നല്‍കിയാണ് ഒതുക്കി തീര്‍ത്തത്. 261 കോടിയുടെ സെറ്റില്‍മെന്റാണ് അന്ന് കോടതി മുമ്പാകെ ഗോസ്പല്‍ ഫോര്‍ ഏഷ്യ നല്‍കിയത്.

Read more

2017 ല്‍ ബിലീവേഴ്‌സ് സഭ ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് ആയി. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും നേപ്പാളിലും ശക്തമായ സാന്നിധ്യമുള്ള ഈസ്‌റ്റേണ്‍ ചര്‍ച്ചിന് ഇപ്പോള്‍ 30 ബിഷപ്പുമാരുണ്ട്. ശതകോടികളുടെ ആസ്ഥിയും. ഇതിനെല്ലാം പുറമേ റിയല്‍ എസ്റ്റേറ്റ് മേഖലയിലും കെപി യോഹന്നാന് വന്‍ നിക്ഷേപമുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇരുപതിനായിരം ഏക്കറിലധികം സ്ഥലമാണ് കെപി യോഹന്നാന്റെ ഉടമസ്ഥതയിലുള്ള വിവിധ ട്രസ്റ്റുകളുടെ പേരിലുള്ളതെന്നാണ് വിവരം.
ബിലീവേഴ്‌സിന്റെ തുടക്കമായ ഗോസ്പല്‍ ഏഷ്യയ്ക്കും വിവിധയിടങ്ങളിലായി 7000 ഏക്കറിലധികം ഭൂമിയുണ്ട്. വിദേശ വിനിമയ ചട്ടം ലംഘിച്ച് സംഭാവന തീരുമാനിച്ചതിന് അന്വേഷണം അടക്കം നേരിട്ടിരുന്നു കെ പി യോഹന്നാന്‍. പല രാജ്യങ്ങളിലും ജീവകാരുണ്യ സംഭാവനയുടെ പിരിക്കലും ചെലവിടിലും തമ്മിലുണ്ടായ അന്തരം കേസായി മാറിയിരുന്നു. പലവിധ ചര്‍ച്ചകള്‍ക്കിടയാക്കി വളര്‍ച്ച പോലെ തന്നെ പ്രഭാത സവാരിയ്ക്കിടയിലെ കെ പി യോഹന്നാന്റെ മരണവും കോണ്‍സ്പിറസി തിയറികള്‍ക്കും കഥകള്‍ക്കും വഴിമരുന്നിട്ടു കഴിഞ്ഞു.