കളക്ടറിന്റെ കുഴിനഖ ചികിത്സയ്ക്ക് ഡോക്ടറെ വിളിച്ചുവരുത്തിയത് വീട്ടിലേക്ക്; ഒപി നിറുത്തിവച്ചതോടെ വലഞ്ഞത് കാത്തുനിന്ന രോഗികള്‍; ആരോഗ്യമന്ത്രിയ്ക്ക് പരാതി നല്‍കി കെജിഎംഒ

തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജ് അധികാര ദുര്‍വിനിയോഗം നടത്തിയെന്ന ആരോപണവുമായി ഡോക്ടര്‍മാരുടെ സംഘടന. കളക്ടര്‍ കാലിലെ കുഴിനഖം ചികിത്സിക്കാന്‍ ഒപിയ്ക്കിടെ സര്‍ക്കാര്‍ ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തിയെന്ന പരാതിയുമായി ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒ ആണ് രംഗത്തെത്തിയത്.

സംഭവത്തെ തുടര്‍ന്ന് സംഘടന ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജിനും ചീഫ് സെക്രട്ടറിയ്ക്കും പരാതി നല്‍കിയിട്ടുണ്ട്. കളക്ടറുടെ ക്യാമ്പ് ഓഫീസില്‍ നിന്നാണ് ഒരു സര്‍ജനെ വീട്ടിലേക്ക് അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംഒയ്ക്ക് നിര്‍ദ്ദേശമെത്തിയത്. എന്നാല്‍ അത്തരത്തില്‍ ഡോക്ടര്‍മാരെ അയയ്ക്കാനാവില്ലെന്ന് ഡിഎംഒ അറിയിച്ചു.

ഇതിന് പിന്നാലെ വീണ്ടും ഫോണിലൂടെ ഡിഎംഒയ്ക്ക് നിര്‍ദ്ദേശം എത്തിയതോടെ ജനറല്‍ ആശുപത്രി സൂപ്രണ്ടിനെ വിളിച്ച് കളക്ടറുടെ വീട്ടിലേക്ക് ഡോക്ടറെ അയയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെ സര്‍ജറി വിഭാഗത്തില്‍ നിന്ന് ഒരു ഡോക്ടറെ കളക്ടറുടെ വീട്ടിലേക്ക് അയച്ചു.

തിരക്കേറിയ സമയത്ത് ഒപി നിറുത്തിവച്ചായിരുന്നു ഡോക്ടറെ അയച്ചത്. വസതിയിലെത്തിയ ഡോക്ടര്‍ക്ക് 45 മിനുട്ടോളം കാത്തിരുന്നിട്ടാണ് കളക്ടറെ കാണാനായത്. ഈ സമയം കളക്ടര്‍ മീറ്റിംഗിലായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് കളക്ടറെ കണ്ടപ്പോഴാണ് വിളിച്ചുവരുത്തിയത് കുഴിനഖ ചികിത്സയ്ക്കാണെന്ന് ഡോക്ടര്‍ക്ക് മനസിലായത്.

Read more

കളക്ടര്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് കെജിഎംഒ ആരോപിച്ചു. ഡോക്ടര്‍മാരുടെ അന്തസിന് ഭംഗം വരുത്തുന്ന നടപടികളുണ്ടായാല്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.