തന്റെ സ്വത്ത് വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം പുറത്തു വിടരുതെന്ന് പിവി അന്‍വര്‍

അനധികൃത സ്വത്ത് സമ്പാദനം വിവാദമായിരിക്കേ തന്റെ സ്വത്ത് വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കരുതെന്ന് പി.വി അന്‍വര്‍ എംഎല്‍എ. കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ നിന്ന് വായ്പയെടുക്കാനായി സമര്‍പ്പിച്ച ആസ്തി വിവരങ്ങള്‍ പുറത്ത് വിടരുതെന്നാണ് എംഎല്‍എയുടെ നിര്‍ദ്ദേശം.

ഭൂപരിധി നിയമം ലംഘിച്ച് അനധികൃത ഭൂമി കൈവശം വച്ചിട്ടുണ്ടെന്ന പരാതിയില്‍ റവന്യൂവകുപ്പും, ലാന്‍ഡ് ബോര്‍ഡും അന്‍വറിനെതിരെ അന്വേഷണം നടത്തുകയാണ്. ആദായ നികുതി വെട്ടിച്ചുവെന്ന പരാതിയിലുംഅന്വേഷണം നടക്കുന്നുണ്ട്.

അധിക ഭൂമി കൈവശമില്ലെന്നും, തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയ ഭൂമി സംബന്ധമായ വിവരങ്ങളില്‍ അച്ചടിപിശക് വന്നതാണെന്നുമായിരുന്നു അന്‍വറിന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ നാല് കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപയുടെ ബാധ്യതയും എംഎല്‍എ കാണിച്ചിട്ടുണ്ട്. ഇത് കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ നിന്ന് വായ്പയെടുത്തതാണെന്നും പറയുന്നു. ഈ വായ്പ കിട്ടാന്‍ ആധാരമായി എംഎല്‍എ ഹാജരാക്കിയ സ്വത്ത് വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ടാണ് പൊതു താല്‍പര്യം മുന്‍ നിര്‍ത്തി മലപ്പുറത്തെ വിവരാവകാശ കൂട്ടായ്മ കെഎഫ്‌സിയെ സമീപിച്ചത്.

Read more

വിവരങ്ങള്‍ കൈമാറുന്നതിന് എതിര്‍പ്പുണ്ടോയെന്ന് തുടര്‍ന്ന് കെഎഫ്‌സി അന്‍വറിനോട് രേഖാമൂലം ചോദിച്ചിരുന്നു. ഇതിന് നല്‍കിയ മറുപടിയില്‍ വിവരങ്ങള്‍ കൈമാറരുതെന്ന നിര്‍ദ്ദേശമാണ് എംഎല്‍എ നല്‍കിയതെന്നാണ് വിവരാവകാശ കൂട്ടായ്മക്ക് കെഎഫ്‌സിയില്‍ നിന്ന് ലഭിച്ച മറുപടി. വിവരാവകാശ നിയമം നിഷേധിക്കപ്പെട്ടത് ചൂണ്ടിക്കാട്ടി മുഖ്യവിവരാവകാശ കമ്മീഷണര്‍ക്ക് പരാതി നല്‍കാനാണ് വിവരാവകാശ കൂട്ടായ്മയുടെ തീരുമാനം.