വിജിലന്‍സ് പ്രോസിക്യൂട്ടര്‍മാരുടെ താത്കാലിക നിയമനം; വീണ്ടും അട്ടിമറി; സ്വജനപക്ഷപാതമെന്ന് ആക്ഷേപം

വിജിലന്‍സ് പ്രോസിക്യൂട്ടര്‍മാരുടെ താല്‍ക്കാലിക നിയമനത്തിനെതിരെ വീണ്ടും പരാതിയുയരുന്നു. ആദ്യ അഭിമുഖ പട്ടിക റദ്ദാക്കി രണ്ടാമതും തയ്യാറാക്കിയ പട്ടികയെ കുറിച്ചാണ് ആക്ഷേപം. അഭിമുഖം നടത്തിയ റാങ്ക് പട്ടിക തയ്യാറാക്കുന്നതിന് പകരം 15 പേരുടെ ചുരുക്കപ്പട്ടികയാണ് അഭിമുഖ സമിതി തയ്യാറാക്കിയത്. ഇത് സ്വജനപക്ഷപാതമാണെന്നാണ് ആക്ഷേപം.

എട്ടു പ്രോസിക്യൂട്ടര്‍മാര്‍ വേണ്ടിടത്ത് ഇപ്പോഴുള്ളത് മൂന്നുപേര്‍ മാത്രമാണ്. ഇതില്‍ ഒരു പ്രോസിക്യൂട്ടര്‍ ചീഫ് സെക്രട്ടറിയുട ഓഫീസിലേക്ക് ഡെപ്യൂട്ടേഷന് പോയതോടെ അഴിമതി കേസില്‍ സര്‍ക്കാരിന് വേണ്ടി ഹാജരാകാന്‍ ആരുമില്ലെന്ന സ്ഥിതിയായിരുന്നു.

ഇതേ തുടര്‍ന്ന് ആഭ്യന്തര സെക്രട്ടറി, നിയമ സെക്രട്ടറി വിജിലന്‍സ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ എന്നിവരടങ്ങിയ അഭിമുഖ സമിതിയെയയും നിയമിച്ചു. 122 അപേക്ഷകരെ അഭിമുഖം നടത്തി. പിന്നീട് അഭിമുഖ ബോര്‍ഡിലുണ്ടായിരുന്ന അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ പങ്കെടുത്തിലെന്ന് ചൂണ്ടികാട്ടി ഈ പട്ടിക റദ്ദാക്കി. വിജിലന്‍സ് അഡീഷണല്‍ ഡയറക്ടറുടേത് രാഷ്ട്രീയ നിയമനമാണ്.

വീണ്ടും ഉളള അഭിമുഖം നടത്താനുള്ള തീരുമാനത്തിനെതിരെ ആക്ഷേപം ഉയര്‍ന്നിരുന്നു. അഭിമുഖത്തില്‍ ലഭിച്ച മാര്‍ക്ക് അനുസരിച്ച് ഒന്ന്, രണ്ട് മൂന്ന് എന്നിങ്ങനെ റാങ്ക് പട്ടിക തയ്യാറാക്കുന്നതിന് പകരം 65 മാര്‍ക്ക് വരെ ലഭിച്ചവരുടെ പട്ടികയാണ് കൈമാറിയത്. അഭിമുഖ സമിതിക്കു പകരം ചുരുക്കപ്പട്ടികയില്‍ നിന്നും മികച്ച അഭിഭാഷകരെ സര്‍ക്കാര്‍ എങ്ങനെ കണ്ടെത്തുമെന്നതാണ് ആക്ഷേപം.