അനില്‍ ആന്റണിയുടെ ബി.ബി.സി വിരുദ്ധ ട്വീറ്റിന് പിന്നില്‍ രാഹുലിന്റെ അവഗണനയോടുള്ള പ്രതിഷേധം, ചാണ്ടി ഉമ്മന് പ്രാധാന്യം നല്‍കിയതും അനിലിനെ പ്രകോപിപ്പിച്ചു

തന്റെ രാഷ്ട്രീയ മോഹങ്ങള്‍ക്ക് രാഹുല്‍ഗാന്ധി പച്ചക്കൊടി കാണിക്കാതിരുന്നതാണ് ഏ കെ ആന്റെണിയുടെ മകന്‍ അനില്‍ ആന്റെണിയെ രാഹുല്‍ വിരുദ്ധചേരിയിലെത്തിച്ചതെന്ന് സൂചന. അതോടൊപ്പം ഏ കെ ആന്റെണിയോട് രാഹുല്‍ഗാന്ധിക്കുള്ള അനിഷ്ടവും അനില്‍ ആന്റെണിയുടെ കോണ്‍ഗ്രസിലെ വളര്‍ച്ചക്ക് വിഘാതമായി. ഭാരത് ജോഡോയാത്രയില്‍ ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനായിരുന്നു രാഹുല്‍ ഗാന്ധിയോടൊപ്പം നടക്കുന്നത്. ഇതും അനിലിന്റെ രാഹുലിനോടുള്ള അസംതൃപ്തിക്ക് കാരണമായി. കേരളത്തിലെ കോണ്‍ഗ്രസില്‍ ചാണ്ടി ഉമ്മന്‍ പ്രബലനായികഴിഞ്ഞാല്‍ പിന്നെ തനിക്ക് കാര്യമായ റോളില്ലന്ന് അനില്‍ തിരിച്ചറിഞ്ഞിരുന്നു. അതേ സമയം ദേശീയ തലത്തില്‍ അനിലിന് പാര്‍ട്ടി തലത്തില്‍ യാതൊരു ഉത്തരവാദിത്വവും നല്‍കാന്‍ രാഹുല്‍ ഗാന്ധി തെയ്യാറായതുമില്ല.

സോണിയാഗാന്ധിയുടെ വിശ്വസ്തനായിരുന്ന ഏ കെ ആന്റെണി ഒരിക്കലും രാഹുലിനോട് അടുപ്പം കാണിച്ചിരുന്ന വ്യക്തിയല്ല. യു പി എ സര്‍ക്കാരില്‍ എട്ടുവര്‍ഷം പ്രതിരോധമന്ത്രിയായിരുന്ന ഏ കെ ആന്റെണി മോദി സര്‍ക്കാരിന്റെ വിവാദമായ പ്രതിരോധ ഇടപാടുകളെക്കുറിച്ചൊന്നും ഒരിക്ഷം സംസാരിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. റാഫേല്‍ വിമാന ഇടപാടില്‍ രാഹുല്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കൊന്നും യാതൊരു പിന്തുണയും ഏ കെ ആന്റെണിയുടെ ഭാഗത്ത് നിന്നുണ്ടാകാതിരുന്നത് രാഹുലിനെ ചൊടിപ്പിച്ചിരുന്നു.

കേരളത്തിലെ കോണ്‍ഗ്രസും ദേശീയ തലത്തിലും തനിക്ക് കാര്യമായ പരിഗണ ലഭിക്കില്ലന്ന് അനിലു മനസിലായപ്പോള്‍ തന്നെ അദ്ദേഹം കളം മാറ്റിച്ചവിട്ടാന്‍ തുനിഞ്ഞിരുന്നു. ആദ്യം ശശി തരൂരിന് പിന്തുണ നല്‍കി നിലയുറപ്പിക്കാന്‍ ശ്രമിച്ചങ്കിലും അത് കാര്യമായി ഫലവത്തായില്ല. കാരണം ശബരീനാഥനെപോലുളളവര്‍ നേരത്തെ തന്നെ തരൂരിനൊപ്പം നിലയുറപ്പിച്ചിരുന്നു.

Read more

ബി ബി സി ഡോക്കുമെന്ററിക്കെതിരെയുള്ള അനിലിന്റെ ട്വീറ്റ് ദേശീയ തലത്തില്‍ ബി ജെ പി വലിയ പ്രചാരണായുധമാക്കുകയാണ്. കേരളത്തിലെ കോണ്‍ഗ്രസിനെ അത് വീണ്ടും പ്രതിസന്ധിയിലേക്ക് തള്ളിവിടുകയും ചെയ്തിട്ടുണ്ട്്.