ആലപ്പുഴയിലെ തൃക്കുന്നപ്പുഴ, പുറക്കാട് പഞ്ചായത്തുകളിൽ നിരോധനാജ്ഞ

ആലപ്പുഴയിലെ തൃക്കുന്നപ്പുഴ, പുറക്കാട് പഞ്ചായത്തുകളിൽ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തോട്ടപ്പള്ളിയിലെ കരിമണൽ നീക്കത്തിനെതിരായ സമരം അക്രമാസക്തമായേക്കുമെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

വിലക്ക് ലംഘിച്ച് സമരം നടത്തുമെന്ന് ഡി.സി.സി പ്രസിഡന്‍റ് എം.ലിജു അറിയിച്ചു. പുറക്കാട് പഞ്ചായത്തിലാണ് തോട്ടപ്പള്ളി ഉൾപ്പെടുന്നത്. ഇവിടെ നടന്നുവരുന്ന കരിമണൽ നീക്കത്തിനെതിരായ സമരം അക്രമാസക്തമാകാൻ ഇടയുണ്ടെന്ന് കാട്ടി ജില്ലാ പൊലീസ് മേധാവി കളക്ടർക്ക് കത്ത് നൽകി. ആളുകൾ കൂടുന്നത് കോവിഡ് രോഗവ്യാപനത്തിന് കാരണമായേക്കുമെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പുറക്കാട് പഞ്ചായത്തിലും സമീപത്തെ തൃക്കുന്നപ്പുഴ പഞ്ചായത്തിലും ഇന്നലെ അർദ്ധ രാത്രി മുതൽ ജൂലൈ മൂന്നുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

കെ.പി.സി.സി മുൻ പ്രസിഡന്‍റ് വി.എം സുധീരൻ സത്യഗ്രഹസമരം നടത്താനിരിക്കെ പ്രഖ്യാപിച്ച നിരോധനാജ്ഞ രാഷ്ട്രീയപ്രേരിതമാണെന്നാണ് കോൺഗ്രസിന്‍റെ ആരോപണം. വിലക്ക് ലംഘിച്ച് സത്യഗ്രഹ സമരം നടത്താനാണ് തീരുമാനം. കുട്ടനാട്ടിലെ വെള്ളപ്പൊക്കം ഒഴിവാക്കുന്നതിനാണ് തോട്ടപ്പള്ളിയിൽ പൊഴി മുറിക്കുന്നതും ലീഡിംഗ് ചാനലിന്‍റെ ആഴം കൂട്ടുന്നതും. എന്നാൽ ഇതിന്‍റെ മറവിൽ കെഎംഎംഎൽ കരിമണൽ ഖനനം ചെയ്ത് കടത്തുകയാണെന്നാണ് സമരക്കാരുടെ ആരോപണം.