കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ പൗരത്വ ഭേദഗതി നിയമം റദ്ദാക്കും; പിണറായി വിജയന് മറുപടിയുമായി പ്രിയങ്ക ഗാന്ധി

കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ പൗരത്വ ഭേദഗതി നിയമം (സിഎഎ) റദ്ദാക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സി.എ.എയില്‍ കോണ്‍ഗ്രസ് നിലപാടെന്താണെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് പ്രിയങ്ക നല്‍കിയത്.

സി.എ.എക്കെതിരെ ഒന്നും മിണ്ടുന്നില്ലെന്നടക്കം പിണറായി വിമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയാല്‍ മണിപ്പൂരിലെ പ്രശ്‌നങ്ങളില്‍ ഇടപെടുമെന്നും പ്രിയങ്ക പറഞ്ഞു. കേന്ദ്രവും സംസ്ഥാനവും സ്ത്രീകളെ ആക്രമിക്കുന്നവരെ സംരക്ഷിക്കുകയാണെന്നും അവര്‍ വിമര്‍ശിച്ചു. വാളയാര്‍, വണ്ടിപ്പെരിയാര്‍ വിഷയങ്ങള്‍ എടുത്ത് പറഞ്ഞായിരുന്നു പ്രിയങ്ക ഇക്കാര്യം പറഞ്ഞത്.

ബിജെപി രാജ്യം മുഴുവന്‍ വെറുപ്പും വിഭാഗിയതയും പരത്തുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വികസനത്തിന്റെയും സമൃദ്ധിയുടെയും പ്രശനങ്ങള്‍ പരിഹരിക്കുന്നതുമായ രാഷ്ട്രീയമാണ് കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപിയുമായി അനുരഞ്ജനം നടത്തുന്നുവെന്നാണ് പ്രിയങ്കാ ഗാന്ധിയുടെ ആരോപണം. മുഖ്യമന്ത്രി ആകെ വിമര്‍ശിക്കുന്നത് കോണ്‍ഗ്രസിനേയും എന്റെ സഹോദരനേയും മാത്രമാണ്. രാജ്യം മുഴുവന്‍ സഞ്ചരിച്ച് ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നയാളാണ് എന്റെ സഹോദരന്‍. ആ രാഹുലിന് എതിരെയാണ് പിണറായി വിജയന്‍ എപ്പോഴും സംസാരിക്കുന്നതെന്നും പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി.