ആർഎസ്എസ് ശാഖയിൽ ലൈം​ഗിക പീഡനത്തിനിരയായെന്ന് ആരോപിച്ച് യുവാവ് ആത്മഹത്യ ചെയ്ത സംഭവം; സമഗ്ര അന്വേഷണം വേണമെന്ന് പ്രിയങ്കാ ​ഗാന്ധി

ആർഎസ്എസ് ശാഖയിൽവെച്ച് നിരന്തരം ക്രൂരലൈംഗിക പീഡനത്തിന് ഇരയായെന്ന് ഇൻസ്റ്റഗ്രാമിൽ കുറിപ്പെഴുതിവെച്ച് യുവാവ് ജീവനൊടുക്കി സംഭവത്തിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി വയനാട് എംപിയും കോൺ​ഗ്രസ് നേതാവുമായ പ്രിയങ്കാ ​ഗാന്ധി രംഗത്ത്. സംഭവത്തിൽ ശക്തവും സമഗ്രവുമായ അന്വേഷണം വേണമെന്ന് പ്രിയങ്ക ഗാന്ധിആവശ്യപ്പെട്ടു. ആൺകുട്ടികൾക്കെതിരായ ലൈംഗിക പീഡനം പെൺകുട്ടികളെപ്പോലെ തന്നെ വ്യാപകമായ ഒരു വിപത്താണെന്നും ആരോപണത്തിൽ ആർഎസ്എസ് മറുപടി പറയണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.

ആർ‌എസ്‌എസിലെ ഒന്നിലധികം അംഗങ്ങൾ തന്നെ നിരന്തരമായി പീഡിപ്പിച്ചുവെന്ന് അനന്ദു അജി തന്റെ ആത്മഹത്യാ സന്ദേശത്തിൽ ആരോപിച്ചിരുന്നു. താൻ മാത്രമല്ല ഇരയെന്നും ആർ‌എസ്‌എസ് ക്യാമ്പുകളിൽ വ്യാപകമായ ലൈംഗിക പീഡനം നടക്കുന്നുണ്ടെന്നും യുവാവ് തന്റെ പോസ്റ്റിൽ പറഞ്ഞിരുന്നുവെന്നും, ആർ‌എസ്‌എസ് ക്യാമ്പുകളിൽ പങ്കെടുക്കുന്ന ലക്ഷക്കണക്കിന് കുട്ടികളും കൗമാരക്കാരും അപകടത്തിലാകാമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

ആർഎസ്എസ് പ്രവർത്തകരിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടുവെന്ന് ആരോപിച്ച് കോട്ടയം സ്വദേശി അനന്തു അജിയാണ് (24) ആത്മഹത്യ ചെയ്തത്. ആർഎസ്എസ് ശാഖയിൽ നിന്നും പ്രവർത്തകരിൽ നിന്നും നേരിടേണ്ടിവന്ന ക്രൂരതകൾ മരണമൊഴിയായി ഇൻസ്റ്റഗ്രാമിൽ എഴുതി ഷെഡ്യൂൾ ചെയ്ത് വെച്ചിട്ടാണ് യുവാവ് ജീവനൊടുക്കിയത്. നാലുവയസുളളപ്പോൾ തന്നെ ആർഎസ്എസുകാരനായ ഒരാൾ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും ആർഎസ്എസ് എന്ന സംഘടനയിലെ പലരിൽ നിന്നും ലൈംഗിക പീഡനം നേരിടേണ്ടിവന്നിട്ടുണ്ടെന്നും യുവാവ് പോസ്റ്റിൽ പറയുന്നു.

തന്നെ നിരന്തരം ബലാത്സംഗത്തിനിരയാക്കിയ ആൾ മൂലം ഒസിഡി (ഒബ്‌സസീവ് കംപൾസീവ് ഡിസോർഡർ) ഉണ്ടായെന്നും പാനിക് അറ്റാക്ക് ഉണ്ടായെന്നും യുവാവ് പറയുന്നു. തനിക്ക് ജീവിതത്തിൽ ഇത്രയധികം വെറുപ്പുളള മറ്റൊരു സംഘടനയില്ലെന്നും ജീവിതത്തിൽ ഒരിക്കലും ഒരു ആർഎസ്എസ് പ്രവർത്തകനെ സുഹൃത്താക്കരുതെന്നുമാണ് യുവാവ് കുറിപ്പിൽ പറയുന്നത്. അത് അച്ഛനാണെങ്കിലും സഹോദരനാണെങ്കിലും മകനാണെങ്കിലും അവരെ ജീവിതത്തിൽ നിന്ന് ഒഴിവാക്കണമെന്നും അത്രയ്ക്ക് വിഷം കൊണ്ട് നടക്കുന്നവരാണ് ആർഎസ്എസുകാരെന്നും യുവാവ് പറയുന്നു.

Read more