തൃപ്രയാര്‍ ക്ഷേത്രത്തിൽ ദര്‍ശനം നടത്തി പ്രധാനമന്ത്രി; അരിയും മലരും കൊണ്ട് മീനൂട്ട് നടത്തി, കൊച്ചിയിലേക്ക് മടങ്ങി

ഗുരുവായൂരിൽ നിന്ന് തൃപ്രയാര്‍ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒന്നേകാല്‍ മണിക്കൂറോളം തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തില്‍ നരേന്ദ്ര മോദി ചെലവഴിച്ചു. കേരളീയ വേഷത്തിലായിരുന്നു സന്ദര്‍ശനം. തുടര്‍ന്ന് ക്ഷേത്രത്തിലെ പ്രധാന വഴിപാടായ മീനൂട്ടും മോദി നടത്തി. അരിയും മലരും നല്‍കിയാണ് മീനൂട്ട് വഴിപാട് നടത്തിയത്.

ഗുരൂവായൂരില്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തശേഷം ഹെലികോപ്ടറിലാണ് മോദി തൃപ്രയാറിലെത്തിയത്. തുടര്‍ന്ന് ശ്രീരാമക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി. ക്ഷേത്രത്തില്‍നിന്ന് മടങ്ങുന്നതിനിടെ കാറില്‍നിന്നും വഴിയരികില്‍ കാത്തുനിന്ന പ്രവര്‍ത്തകരെ മോദി അഭിവാദ്യം ചെയ്തു. തുടർന്ന് കൊച്ചിയിലേക്ക് മടങ്ങി.

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുമ്പായി ദക്ഷിണേന്ത്യയിലെ പ്രധാന ശ്രീരാമ ക്ഷേത്രമായ തൃപ്രയാറില്‍ ദര്‍ശനം നടത്തണമെന്ന് ക്ഷേത്രം തന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഗുരൂവായൂര്‍ സന്ദര്‍ശനത്തിനു ശേഷം മോദി തൃപ്രയാറിലെത്തിയത്. 11.30ഓടെയാണ് തൃപ്രയറില്‍ നിന്ന് മോദി മടങ്ങിയത്.

Read more

ഉച്ചയോടെ കൊച്ചിയിൽ തിരിച്ചെത്തി ഷിപ്പ്‌യാര്‍ഡിലെ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. 4,000 കോടി രൂപയുടെ വികസന പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നത്. കൊച്ചി കപ്പല്‍ നിര്‍മ്മാണ ശാലയിലെ പുതിയ ഡ്രൈ ഡോക്ക്, അന്താരാഷ്ട്ര കപ്പല്‍ അറ്റകുറ്റപണി ശാല, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ എല്‍പിജി ഇംപോര്‍ട്ട് ടെര്‍മിനല്‍ എന്നിവയുടെ ഉദ്ഘാടനമാണ് നിര്‍വഹിക്കുക. ശേഷം മറൈൻ ഡ്രൈവിൽ ബിജെപിയുടെ പൊതുപരിപാടിയിൽ പങ്കെടുക്കും. വൈകിട്ടോടെ ഡൽഹിക്ക് മടങ്ങും.