പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തില്‍

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിലെത്തും. ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി തുടര്‍ന്ന് തൃശൂരിലേക്ക് പോകും. തേക്കിന്‍കാട് മൈതാനം ചുറ്റിയുള്ള റോഡ് ഷോയ്ക്ക് ശേഷം രണ്ട് ലക്ഷം വനിതകള്‍ അണിനിരക്കുന്ന ബിജെപി മഹിളാ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കും.

റോഡ് ഷോയും പൊതുസമ്മേളനവും ഉള്‍പ്പെടെയുള്ള പരിപാടികളിലായി രണ്ടര മണിക്കൂറോളം ചെലവഴിച്ചാകും മടക്കം. പ്രധാനമന്ത്രിയുടെ ക്രിസ്തുമസ് വിരുന്നില്‍ ക്രൈസ്തവ മതമേലധ്യക്ഷന്‍മാര്‍ പങ്കെടുത്തതിനെ ചൊല്ലിയുള്ള വിവാദം ശക്തമാകുന്നതിനിടെയാണ് മോദി കേരളത്തിലേക്കെത്തുന്നത്.

കേന്ദ്രമന്ത്രിമാരും ദേശീയ നേതാക്കളും പങ്കെടുക്കുന്ന പരിപാടിയില്‍ സുരേഷ് ഗോപിയുമുണ്ടാകും. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നടത്തുന്ന ആദ്യ റോഡ് ഷോയാണ് തൃശൂരിലേത്. അതേസമയം ഇന്ന് തമിഴ്‌നാട്ടിലാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി തമിഴ്‌നാട്ടിലെത്തുന്നത്.