പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍; തൃശൂരിലെയും തിരുവനന്തപുരത്തെയും തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്യും

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദമോദി കേരളത്തിലെത്തി. ഇന്നലെ രാത്രിയില്‍ പ്രത്യേക വിമാനത്തിലാണ് അദേഹം കൊച്ചിയിലെത്തിയത്. തുടര്‍ന്ന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസിലാണ് പ്രധാനമന്ത്രി താമസിച്ചത്.

രാത്രി ഗസ്റ്റ് ഹൗസില്‍ താമസിച്ച പ്രധാനമന്ത്രി ഇന്നു രാവിലെ തൃശൂരിലേക്കു പോകും. അവിടെ ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കുന്നംകുളം ചെറുവട്ടാനിയില്‍ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യും.

തുടര്‍ന്ന് നെടുമ്ബാശ്ശേരിയില്‍ മടങ്ങിയെത്തിയ ശേഷം അവിടെനിന്ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് തിരിക്കും. ഉച്ചയ്ക്ക് ആറ്റിങ്ങല്‍ മണ്ഡലത്തിലെ കാട്ടാക്കടയിലും മോദി പ്രചാരണം നടത്തും.

കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന പൊതുയോഗത്തില്‍ പങ്കെടുക്കും. തിരികെ കൊച്ചിയിലെത്തുന്ന അദ്ദേഹം ഉച്ചയ്ക്ക് 12.50ന് ഡല്‍ഹിയിലേക്കു മടങ്ങും. സുരേഷ് ഗോപിയുടെയും വി മുരളീധരന്റെയും രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനാണ് അദേഹം കേരളത്തില്‍ എത്തിയിരിക്കുന്നത്.