പോപ്പുലര്‍ ഫ്രണ്ട് നിരോധനം: തുടര്‍ നടപടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇന്നിറങ്ങും

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇന്ന് പുറത്തിറങ്ങും. പിഎഫ്ഐ നിരോധനത്തെ കുറിച്ചുള്ള കേന്ദ്ര വിജ്ഞാപനം ഇന്നലെ സര്‍ക്കാരിന് ലഭിച്ചിരുന്നുവെങ്കിലും ഉത്തരവ് ഇറങ്ങിയിരുന്നില്ല.

ഉത്തരവിനായുള്ള ഫയല്‍ ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിയുടെ അനുമതിക്കായി ബുധനാഴ്ച നല്‍കിയിരുന്നു. ഉത്തരവ് പുറത്തിറങ്ങിയാല്‍ പിഎഫ്ഐയുടെ ഓഫിസുകള്‍ സീല്‍ ചെയ്യുന്നതടക്കമുളള നടപടികളിലേക്ക് പൊലീസ് കടക്കും. സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയാല്‍ പൊലീസ് നടപടികള്‍ സംബന്ധിച്ച സര്‍ക്കുലര്‍ ഡിജിപി ഇറക്കും.

പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും അഞ്ച് വര്‍ഷത്തേക്കാണ്  കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണു നടപടി. റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നീ അനുബന്ധ സംഘടനകള്‍ക്കാണ് പോപ്പുലര്‍ ഫ്രണ്ടിനൊപ്പം കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ രാജ്യത്ത് നിരോധിച്ചതിന് പിന്നാലെ പിഎഫ്‌ഐയുടെ വാര്‍ത്തകള്‍ മാധ്യമങ്ങളെ അറിയിക്കാറുള്ള ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി. ‘പ്രസ് റീലീസ് ‘ എന്നാണ് പുതിയ പേര്. PFI press release എന്നായിരുന്നു പഴയ പേര്. പിഎഫ്‌ഐയുടെ വെബ്‌സൈറ്റുകളും പ്രവര്‍ത്തനരഹിതമായി.

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിത സംഘടനയായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിരോധന ഉത്തരവ് കിട്ടിയാലുടന്‍ കേരളത്തിലെ പിഎഫ്‌ഐ ഓഫീസുകള്‍ മുദ്രവയ്ക്കും. വിജ്ഞാപനം ഇറങ്ങിയതിന്റെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയിലാണ് പൊലീസും ആഭ്യന്തര മന്ത്രാലയവും.