പി.എസ്.സി പരീക്ഷാത്തട്ടിപ്പില്‍ പൊലീസുകാരനും പങ്ക്; പരീക്ഷാസമയത്ത് ശിവരഞ്ജിത്തിന്റെയും പ്രണവിന്റെയും മൊബൈല്‍ ഫോണിലേയ്ക്ക് വന്നത് 174 സന്ദേശങ്ങള്‍

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ അക്രമസംഭവത്തിലെ പ്രതികള്‍ ഉള്‍പ്പെട്ട പി.എസ്.സി. പരീക്ഷാ ക്രമക്കേടില്‍ പൊലീസുകാരനും പങ്കുണ്ടെന്ന് റിപ്പോര്‍ട്ട്. പേരൂര്‍ക്കട എസ്.എ.പി. ക്യാമ്പിലെ പൊലീസുകാരനായ കല്ലറ സ്വദേശി ഗോകുലിന് പരീക്ഷാക്രമക്കേടില്‍ പങ്കുണ്ടെന്ന് പി.എസ്.സി. വിജിലന്‍സ് കണ്ടെത്തി.

കേസിലെ പ്രതിയായ പ്രണവിന്റെ സുഹൃത്താണ് ഗോകുല്‍. പരീക്ഷാസമയത്ത് ഗോകുലിന്റെ മൊബൈല്‍ ഫോണില്‍ നിന്നാണ് പ്രണവിന് സന്ദേശങ്ങള്‍ ലഭിച്ചതെന്നാണ് വിജിലന്‍സ് സംഘത്തിന്റെ കണ്ടെത്തല്‍.

ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്ത്, രണ്ടാം റാങ്കുകാരനായ പ്രണവ് എന്നിവരുടെ മൊബൈല്‍ ഫോണിലേക്ക് പരീക്ഷാസമയത്ത് 174 സന്ദേശങ്ങള്‍ വന്നെന്നാണ് സൈബര്‍ പോലീസിന്റെ കണ്ടെത്തല്‍.

പരീക്ഷാസമയമായ രണ്ടുമണിക്കും മൂന്നേകാലിനുമിടയിലാണ് ഇവര്‍ക്ക് എസ്.എം.എസ്. കിട്ടിയത്. ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് രണ്ടു നമ്പറുകളില്‍ നിന്ന് 96 മെസേജും പ്രണവിന്റെ ഫോണിലേക്ക് മൂന്നു നമ്പറുകളില്‍ നിന്ന് 78 മെസേജും കിട്ടി. ആകെ നാലു നമ്പറുകളില്‍നിന്നാണ് എസ്.എം.എസ്. വന്നത്. ഇതില്‍ ഒരു നമ്പറില്‍ നിന്നു തന്നെ രണ്ടുപേര്‍ക്കും സന്ദേശം വന്നിട്ടുണ്ട്. ഇവ ഉത്തരങ്ങളായിരിക്കുമെന്നാണു സംശയം. അതിനാല്‍, ഈ നമ്പറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തണമെന്നാണ് പി.എസ്.സി. പൊലീസിനോട് ആവശ്യപ്പെട്ടത്.

യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ. നേതാക്കളായിരുന്ന ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരാണ് പൊലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്.