കൊച്ചി ഫ്ലാറ്റ് പീഡനക്കേസ്; പ്രതി മാര്‍ട്ടിന്‍ പിടിയില്‍, വലയിലായത് മുണ്ടൂരിലെ കാട്ടിൽ ഒളിത്താവളത്തില്‍നിന്ന്

 

ഫ്ളാറ്റില്‍ യുവതിയെ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫ് പൊലീസിന്റെ പിടിയില്‍. തൃശ്ശൂർ മുണ്ടൂരിലെ കാട്ടിൽ അയ്യൻകുന്നു എന്ന സ്ഥലത്ത് ഒളിച്ചിരിക്കുകയായിരുന്നു പ്രതി. കാട്ടിൽ നാട്ടുകാരുടെ കൂടി സഹായത്തോടെ പൊലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് മാ‍ർട്ടിനെ പിടികൂടിയത്. തൃശൂർ മെഡിക്കൽ കോളേജ് പൊലീസ് സ്‌റ്റേഷനിലേക്ക് പ്രതിയെ എത്തിച്ച് പിന്നീട് എറണാകുളത്തേക്ക് കൊണ്ടുവരും.

തൃശ്ശൂരിലെ കാട്ടിനുള്ളിൽ പൊലീസ് ഇന്ന് വ്യാപക തിരച്ചിൽ നടത്തിയിരുന്നു. കാട്ടിനുള്ളിലെ ഒളിത്താവളത്തിലാണ് മാർട്ടിൻ ജോസഫ് കഴിഞ്ഞതെന്ന് പൊലീസ് കണ്ടെത്തിയതിനെത്തുടർന്നായിരുന്നു തിരച്ചിൽ. മാർട്ടിന് വേണ്ടി വ്യാപകമായ തിരച്ചിലാണ് പൊലീസ് തൃശ്ശൂർ, കോഴിക്കോട് ഭാഗങ്ങളിൽ നടത്തിയിരുന്നത്.

ജൂൺ എട്ടാം തീയതി രാവിലെ നാലു മണിക്കാണ് മാർട്ടിൻ ജോസഫ് കാക്കനാട്ടെ ഫ്ലാറ്റിൽ നിന്ന് ബാഗുകളോടെ രക്ഷപ്പെട്ടത്. മാര്‍ട്ടിന്‍ ജോസഫിന്റെ തൃശ്ശൂരിലെ വീട്ടില്‍ പോലീസ് പലവട്ടം എത്തുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇയാളുടെ വീട്ടുകാരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്തിരുന്നു. കേസ് ഉണ്ടാവുന്നതിന് മുമ്പേ തന്നെ വല്ലപ്പോഴും മാത്രമാണ് മാര്‍ട്ടിന്‍ വീട്ടില്‍ വന്നിരുന്നതെന്നാണ് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞത്.

ഇതിനിടെ മാർട്ടിനെ രക്ഷപ്പെടാൻ സഹായിച്ച മൂന്ന് സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കേസ് വന്നതോടെ മാർട്ടിനെ രക്ഷപ്പെടാനും ഒളിത്താവളം ഒരുക്കാനും സഹായിച്ചവരെയാണ് രാവിലെയോടെ പൊലീസ് കസ്റ്റഡിയിലെടുത്തതും അറസ്റ്റ് ചെയ്തതും. ഇവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുണ്ടൂരിലെ കാട്ടിൽ തിരച്ചില്‍ നടത്തിയത്. ഇയാള്‍ തൃശ്ശൂരില്‍ എത്തിയ ബിഎംഡബ്ല്യു കാറടക്കം നാല് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.