പ്രധാനമന്ത്രി ഗുരുവായൂരിൽ, ക്ഷേത്ര ദർശനം നടത്തുന്നു; സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരിലെത്തി. ഹെലികോപ്റ്ററിലെത്തിയ പ്രധാനമന്ത്രി ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിൽ ഹെലിപാഡിൽ ഇറങ്ങിയ ശേഷം റോഡ് മാര്‍ഗം ഗുരുവായൂരിലെ ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക് പോയി. ഇവിടെ വിശ്രമിച്ച് വസ്ത്രം മാറിയ ശേഷം മോദി ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ഇലക്ട്രിക് വാഹനത്തിൽ എത്തി.

ക്ഷേത്ര സന്ദർശനത്തിനിടെ പ്രധാനമന്ത്രി താമര മൊട്ടുകൾ കൊണ്ട് തുലാഭാരം നടത്തുകയും ചെയ്തു. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായാണ് പ്രധാനമന്ത്രി ക്ഷേത്രത്തിൽ എത്തിയിരിക്കുന്നത്. രാവിലെ 8.45 നാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹം. രാവിലെ 10.10 ന് പ്രധാനമന്ത്രി തൃപ്രയാര്‍ ക്ഷേത്രത്തിലെത്തും. കേഷത്രത്തിൽ ഇന്ന് വിവാഹം നടക്കുന്ന 30ലേറെ വധൂവരന്മാരെ മോദി നേരിട്ട് ആശംസിക്കും.

മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ക്ഷേത്രനഗരിയില്‍ ഒരുക്കുന്നത്. അതേസമയം മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, ഖുഷ്ബു എന്നിവരടങ്ങിയ വൻ താരനിര നേരത്തേതന്നെ ചടങ്ങില്‍ സംബന്ധിക്കാന്‍ എത്തിയിട്ടുണ്ട്. വിവാഹത്തിന് തലേ രാത്രി തന്നെ മോഹന്‍ലാലും മമ്മൂട്ടിയും കുടുംബസമേതം എത്തിയിരുന്നു.

വിവാഹത്തിന് ശേഷം കൊച്ചിയിലെത്തി ഷിപ്പിയാർഡിലെ മൂന്ന് പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും. മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ബിജെപിയുടെ ശക്തികേന്ദ്ര സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം വൈകിട്ടോടെ ഡല്‍ഹിയിലേക്ക് മടങ്ങും.