മഹാനായ എഴുത്തുകാരന്റെ പേരിലുള്ള പുരസ്കാരം തെറിയെഴുത്തുകാരന്റെ സ്വീകരണമുറിയില്‍ കൊണ്ട് വെയ്ക്കുന്നത് പാല്‍പ്പായസം സെപ്റ്റിക് ടാങ്കില്‍ വിളമ്പുന്നതിന് തുല്യം; മീശ നോവലിന് അവാർഡ് നൽകുന്നതിന് എതിരെ ഹിന്ദു ഐക്യവേദി

നാൽപ്പത്താറാമത്‌ വയലാര്‍ പുരസ്‌കാരം എസ്. ഹരീഷിന്റെ മീശ എന്ന നോവലിന് ലഭിച്ചതുമായി ബന്ധപ്പെട്ട് ഒരുപാട് വിമർശനങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു. ഇപ്പോഴിതാ ‘മീശ; നോവലിന് അവാർഡ് നൽകിയത് ഹിന്ദുക്കളെ അവഹേളിക്കാനാണെന്ന് ഹിന്ദു ഐക്യവേദി. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറവിൽ കാണിക്കുന്നത് അവഹേളനം ആണെന്നും ഹിന്ദു ഐക്യവേദി പറയുന്നു.

അവാർഡ് നിർണയ സമിതി സംസ്ഥാന സർക്കാരിന്റെ മനസ്സറിഞ്ഞ് എടുത്ത തീരുമാനമാണിത്. ഈ അവാർഡ് ദാനം വയലാർ അവാർഡിന്റെ അന്തസ്സ് കെടുത്തും. ഹിന്ദു ദേവീ- ദേവൻമാരുടെ നഗ്ന ചിത്രം വരച്ച് ഭാരതം മുഴുവൻ ഹിന്ദു വിശ്വാസികളുടെ പ്രതിഷേധം ഏറ്റുവാങ്ങിയ എം എഫ് ഹുസൈന് രവി വർമ്മ പുരസ്കാരം നൽകി ആദരിച്ചതും അന്നത്തെ ഇടതുപക്ഷ സർക്കാരായിരുന്നു. എക്കാലവും ഹിന്ദു വിശ്വാസങ്ങളെ അവഹേളിക്കുന്ന നിലപാടാണ് ഇടത് സർക്കാരുകൾ സ്വീകരിച്ചു വരുന്നതെന്നും ഈ തീരുമാനത്തിനെതിരെ പൊതു സമൂഹത്തിൽ നിന്നും ശക്തമായ പ്രതികരണങ്ങൾ ഉയരണമെന്നും ബാബു പറഞ്ഞു.

ഗുരുവായൂരമ്പലത്തില്‍ ദര്‍ശനം നടത്താന്‍ മോഹിച്ചിരുന്ന വയലാറിന്റെ പേരിലുള്ള ഒരു ഫലകം ഒരു തെറിയെഴുത്തുകാരന്റെ സ്വീകരണമുറിയില്‍ കൊണ്ട് വയ്ക്കുന്നത് പാല്‍പ്പായസം സെപ്റ്റിക് ടാങ്കില്‍ വിളമ്പുന്നതിന് തുല്യമാണെന്ന് സംസ്ഥാന അദ്ധ്യക്ഷ ശശികല പ്രസ്താവനയില്‍ പറഞ്ഞു.

സാറാ ജോസഫിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. വയലാറിന്റെ ജന്മദിനത്തില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് വയലാര്‍ ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.