'ബന്ധങ്ങളിലെ ഇഴയടുപ്പം സാമുദായിക സൗഹൃദങ്ങളെ കൂടി കൂട്ടിയിണക്കുന്ന കണ്ണികളായി പലപ്പോഴും മാറിയിരുന്നു'; കെ.എം മാണിയുടെ സ്മരണയില്‍ കുഞ്ഞാലിക്കുട്ടി

മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.എം മാണിയെ ഓര്‍മ്മിച്ച് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സ്നേഹബന്ധങ്ങള്‍ക്ക് വലിയ ഉറപ്പും മൂല്യവും കല്‍പിച്ചിരുന്ന സഹൃദയനായിരുന്നു മാണിയെന്ന് കുഞ്ഞാലിക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എന്റെ ആത്മ സുഹൃത്തും, കേരള രാഷ്ട്രീയത്തിലെ അതികായനുമായിരുന്ന കെ. എം. മാണി സാറിന്റെ വിയോഗത്തിന് ഇന്ന് നാലാണ്ട് തികയുകയാണ്. എത്ര പെട്ടന്നാണ് കാലം മിന്നി മറയുന്നത്. മാണി സാറുമൊത്തുള്ള ദീര്‍ഘ കാലത്തെ ആത്മ ബന്ധത്തിന്റെ ഓര്‍മ്മകള്‍ക്ക് ഇപ്പോഴും നല്ല തെളിച്ചമുണ്ട്.

സ്‌നേഹ ബന്ധങ്ങള്‍ക്ക് വലിയ ഉറപ്പും, മൂല്യവും കല്പിച്ചിരുന്ന സഹൃദയനായിരുന്നു അദ്ദേഹം. ബന്ധങ്ങളിലെ ആ ഇഴയടുപ്പം വ്യക്തി ജീവിതത്തിനപ്പുറത്തേക്ക് സാമുദായിക സൗഹൃദങ്ങളെ കൂട്ടിയിണക്കുന്ന കണ്ണികള്‍ കൂടിയായി പലപ്പോഴും മാറിയിരുന്നു.

മാണി സാര്‍ ഇല്ലാത്ത ഈ കാലത്ത് അദ്ദേഹം കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് ഓര്‍ത്ത് പോയ സാമൂഹിക, രാഷ്ട്രീയ പശ്ചാത്തലങ്ങളില്‍ ആ വിടവ് വേദനയുള്ള അനുഭവമായിട്ടുണ്ട്.