പാര്‍ട്ടിക്കുള്ളില്‍ ഒരു തര്‍ക്കവുമില്ല, സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാനില്ല: കുഞ്ഞാലിക്കുട്ടി

കേരളത്തില്‍ മുന്നണി മാറ്റം മുസ്ലീം ലീഗ് ആലോചിച്ചിട്ടില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാനില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗ് ദേശീയ കൗണ്‍സിലിന് മുന്നോടിയായിട്ടാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

മറ്റു സംസ്ഥാനങ്ങളിലും മുന്നണി സാധ്യത തേടും. കേരളം, തമിഴ്‌നാട് മാതൃകയില്‍ മറ്റു സംസ്ഥാനങ്ങളില്‍ മുന്നണി സാധ്യത തേടും. ദേശീയ തലത്തില്‍ സംഘടന ശക്തിപ്പെടുത്താന്‍ ഏകവര്‍ഷ പരിപാടി പ്രഖ്യാപിക്കും. കേരളത്തില്‍ മുന്നണി മാറ്റം ലീഗ് ആലോചിച്ചിട്ടില്ല.

സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാനില്ല. സെക്രട്ടറിയാകാനില്ലെന്ന് പാര്‍ട്ടിയില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നല്ല ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കുന്ന സെക്രട്ടറി പാര്‍ട്ടിക്കുണ്ടാകും. കേരളത്തിലെ മുസ്ലീം ലീഗിനുള്ളില്‍ ഒരു തര്‍ക്കവുമില്ല.

പതിനാല് ജില്ലാ കമ്മിറ്റികളും ഐക്യകണ്ഠേനയാണ് നിലവില്‍ വന്നത്. ലീഗിനകത്ത് രണ്ടുചേരിയുണ്ടെന്ന പ്രചരണം മാധ്യമങ്ങളും സാമൂഹികമാധ്യമങ്ങളും സൃഷ്ടിക്കുന്നതാണ്. ഞങ്ങള്‍ക്ക് ഒരൊറ്റ നേതാവേയുള്ളൂ. ഇപ്പോള്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് ഞങ്ങളുടെ നേതാവ്.

ഞങ്ങളെല്ലാം ഒറ്റക്കെട്ടായി പൊയ്ക്കൊണ്ടിരിക്കുകയാണ്. മുസ്ലീം ലീഗ് ഇടതുമുന്നണിയിലേക്ക് പോകുമെന്നത് അഭ്യൂഹം മാത്രമാണെന്നും ഇത് ചിലര്‍ ബോധപൂര്‍വം സൃഷ്ടിക്കുന്നതാണ് എന്നാണ് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കുന്നത്.