കേരളം ഇന്ത്യക്ക് മുന്നേ നടക്കുന്ന സംസ്ഥാനം, മറ്റുള്ളവരും  മാതൃകയാക്കുമെന്ന് നമുക്ക് ആശിക്കാം; പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയത്തിൽ പി. കെ ഫിറോസ്

കേരളം ഇന്ത്യക്ക് മുന്നേ നടക്കുന്ന സംസ്ഥാനമാണെന്ന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസ്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം സംസ്ഥാന നിയമ സഭ പാസാക്കിയതിൻെറ പശ്ചാത്തലത്തിലാണ് ഫിറോസിൻെറ പ്രതികരണം. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരണം രേഖപ്പെടുത്തിയത്.

കേരളത്തിന്റെ വികാരം നിയമസഭയിൽ പ്രതിഫലിപ്പിച്ച ഭരണ-പ്രതിപക്ഷ അംഗങ്ങളെ ഹൃദയം തൊട്ട് അഭിവാദ്യം ചെയ്യുന്നു. മറ്റു സംസ്ഥാനങ്ങളും ഇത് മാതൃകയാക്കുമെന്ന് നമുക്ക് ആശിക്കാമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. കുറിപ്പിനോടൊപ്പം റിജക്ട് സിഎഎ, റിജക്ട് എൻആർസി എന്നീ ഹാഷ്ടാ​ഗുകളും അദ്ദേഹം ചേർത്തിട്ടുണ്ട്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇന്ന് സഭയിൽ അവതരിപ്പിച്ചത്. മതാടിസ്ഥാനത്തിലുള്ള വിവേചനത്തിന് ഇടയാക്കുന്ന സിഎഎ റദ്ദാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സിഎഎ മൗലികാവകാശമായ സമത്വ തത്വത്തിന്റെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു തടങ്കൽ പാളയവും കേരളത്തിലുണ്ടാകില്ലെന്നും അത്തരത്തിലൊരു നടപടിയും സംസ്ഥാന സർക്കാർ സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പി. കെ ഫിറോസിൻെറ ഫെയ്സ്ബുക്ക് പോസ്റ്റ് പൂർണരൂപം

പൗരത്വ ഭേഭഗതി നിയമത്തിനെതിരെയുള്ള കേരളത്തിന്റെ വികാരം നിയമസഭയിൽ പ്രതിഫലിപ്പിച്ച ഭരണ-പ്രതിപക്ഷ അംഗങ്ങളെ ഹൃദയം തൊട്ട് അഭിവാദ്യം ചെയ്യുന്നു. ഒരിക്കൽ കൂടി അഭിമാനത്തോടെ നമുക്ക് പറയാം കേരളം ഇന്ത്യക്ക് മുന്നേ നടക്കുന്ന സംസ്ഥാനമാണെന്ന്. ഒപ്പം മറ്റു സംസ്ഥാനങ്ങളും ഇത് മാതൃകയാക്കുമെന്ന് നമുക്ക് ആശിക്കാം…

#Reject_CAA

#Reject_NRC