'സമാധാനപരമായി പ്രാര്‍ത്ഥിക്കാനെത്തുന്ന ഒരാളെയും തിരസ്‌കരിക്കില്ല'; വിശ്വാസികളുടെ പുനരൈക്യത്തിനാണ് കേസ്‌ നടത്തിയതെന്ന് ഓര്‍ത്തഡോക്‌സ് സഭ

കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ഒരു പള്ളിയില്‍ നിന്നും വിശ്വാസികളെ പുറത്താക്കാന്‍ ഓര്‍ത്തഡോക്‌സ്‌ സഭ ആഗ്രഹിക്കുന്നില്ലെന്നു ഡോ.തോമസ്‌ മാര്‍ അത്താനാസിയോസ്‌. ജയിക്കാന്‍ മാത്രമല്ല, പുനരൈക്യത്തിനു കൂടിയാണ്‌ ഓര്‍ത്തഡോക്‌സ്‌ സഭ കേസ്‌ നടത്തിയതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സഭ എക്കാലവും ചര്‍ച്ചയ്‌ക്കു തയ്യാറാണ്‌. ഇക്കാര്യത്തില്‍ നിഷേധാത്മക നിലപാട് സ്വീകരിച്ചത്‌ ആരാണെന്നു വ്യക്‌തമാണ്‌. സുപ്രീം കോടതിയുടെ വിധി നടപ്പാകാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പരമാവധി ശ്രമിച്ചിരുന്നു. പിന്നീട്‌ ഇക്കാര്യത്തില്‍ കോടതിയുടെ നിര്‍ബന്ധിത ഇടപെടലുണ്ടായി.
പൊലീസിനു സ്വാതന്ത്ര്യം നല്‍കുക കൂടിയായപ്പോള്‍ പിറവം പള്ളിയില്‍ വിധി നടപ്പായി.

സുപ്രീം കോടതി വിധിക്കെതിരെ മാര്‍ച്ച്‌ നടത്തുന്നതു രാജ്യദ്രോഹമാണ്‌. മാര്‍ച്ചിനു പൊലീസ്‌ സംരക്ഷണം കൊടുക്കുന്നതു നിര്‍ഭാഗ്യകരവുമാണ്‌.
യു.ഡി.എഫും എല്‍.ഡി.എഫും ഒരേസമയം യാക്കോബായ സഭയുടെ നിലപാടുകളെ പിന്തുണയ്‌ക്കുകയാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. കേസിനു തുടക്കമിടുകയും കോടതിവിധി വരുമ്പോള്‍ അനുസരിക്കില്ലെന്ന നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന യാക്കോബായ സഭയുടെ നിലപാട്‌ ന്യായീകരിക്കാവുന്നതല്ല. ഓര്‍ത്തഡോക്‌സ്‌ സഭ ആരെയും പീഡിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല, എന്നാല്‍, സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന കാര്യത്തില്‍ വിട്ടുവീഴ്‌ചയുണ്ടാകില്ല.

Read more

പിറവത്തു സമാധാനപരമായി പ്രാര്‍ത്ഥിക്കാന്‍ വരുന്ന ഒരു വിശ്വാസിയെ പോലും സഭ തിരസ്‌കരിക്കില്ല. ഓരോ വര്‍ഷവും തിരഞ്ഞെടുപ്പു നടത്തി ഭൂരിപക്ഷം അനുസരിച്ചു തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു പള്ളിയുടെ സെക്രട്ടറിയായും ട്രസ്റ്റിയായും കമ്മിറ്റി അംഗങ്ങളായും പ്രവര്‍ത്തിക്കുന്നതിനു തടസ്സമില്ലെന്നും ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ പറഞ്ഞു. അസോസിയേഷന്‍ സെക്രട്ടറി ബിജു ഉമ്മന്‍, സഭാ വക്‌താവ്‌ ഫാ. ജോണ്‍സ്‌ ഏബ്രഹാം കോനാട്ട്‌ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.