വിഎസിന് കാപിറ്റല്‍ പണിഷ്‌മെന്റ് നടത്തണമെന്ന് ഒരു ചെറുപ്പക്കാരന്‍ പറഞ്ഞെന്നേ പറഞ്ഞിട്ടുള്ളൂ, സ്വരാജ് എന്നുപോലും പറഞ്ഞിട്ടില്ലെന്ന് പിരപ്പന്‍കോട് മുരളി; തോന്ന്യാസമെന്ന് പറഞ്ഞ എംവി ഗോവിന്ദന് അതേ നാണയത്തില്‍ മറുപടി

വി എസ് അച്യുതാനന്ദനെ കാപിറ്റല്‍ പണിഷ്‌മെന്റിന് വിധേയനാക്കണമെന്ന് സിപിഎമ്മിന്റെ യുവനേതാക്കള്‍ പറഞ്ഞ സംഭവത്തില്‍ സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചകള്‍. സിപിഎം സംസ്ഥാന കമ്മിറ്റിയംഗമായിരുന്ന മുതിര്‍ന്ന നേതാവ് പിരപ്പന്‍കോട് മുരളി പങ്കുവെച്ച പഴയ വിഷയം സിപിഎം നേതൃത്വത്തെ ചൊടിപ്പിച്ചതോടെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, പിരപ്പന്‍കോട് മുരളിയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. കഴിഞ്ഞദിവസം പിരപ്പന്‍കോടിനെ ശക്തമായി വിമര്‍ശിച്ച എം വി ഗോവിന്ദന്‍ മുരളി പറയുന്നത് തോന്ന്യാസമാണെന്നും അസംബന്ധമാണെന്നുണ് ക്യാപിറ്റല്‍ പണിഷ്‌മെന്റ് വിവാദത്തില്‍ പ്രതികരിച്ചത്.

പിരപ്പന്‍കോട് മുരളി പറഞ്ഞത് ശുദ്ധ അസംബന്ധമാണ്. അദ്ദേഹത്തിന് ഇപ്പോള്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പ് പോലുമില്ല. പറഞ്ഞത് ശുദ്ധ തോന്ന്യാസമാണ്’

സിപിഎം സംസ്ഥാനസമ്മേളനത്തില്‍ ഉയര്‍ന്ന അഭിപ്രായ പരസ്യമാക്കിയതില്‍ കടുത്ത അതൃപ്തി പ്രപകടിപ്പിച്ച സംസ്ഥാന സെക്രട്ടറി പിരപ്പന്‍കോട് മുരളിയ്ക്ക് പാര്‍ട്ടി മെമ്പര്‍ഷിപ്പ് പോലും ഇപ്പോഴില്ലെന്നാണ് പ്രതികരിച്ചത്. എന്നാല്‍ താന്‍ സംസ്ഥാന സമിതി അംഗമായിരുന്ന സമയത്ത് നടന്ന വിഷയത്തെ കുറിച്ച് പറഞ്ഞതില്‍ ഒരു പിശകും പറ്റിയിട്ടില്ലെന്നും താന്‍ പറയുന്നത് തോന്ന്യാസമാണെങ്കില്‍, എം.വി. ഗോവിന്ദന് പാര്‍ട്ടി സമ്മേളനത്തിന്റെ മിനിറ്റ്‌സ് പരിശോധിച്ചുനോക്കാമെന്ന് പിരപ്പന്‍കോട് തിരിച്ചടിച്ചു. സിപിഎമ്മുമായി ആത്മബന്ധമുള്ള ഒരാളെന്നനിലയില്‍ അതിന്റെ സെക്രട്ടറിയെ ചോദ്യംചെയ്യാന്‍മാത്രം താന്‍ ശക്തനല്ല. എങ്കിലും ചിലകാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നു എന്ന മുഖ്യവുരയോടെയായിരുന്നു പിരപ്പന്‍കോടിന്റെ മറുപടി.

തിരുവനന്തപുരം സമ്മേളനത്തില്‍ വി.എസിനെ കാപിറ്റല്‍ പണിഷ്‌മെന്റ് നടത്തണമെന്ന് ഒരു ചെറുപ്പക്കാരന്‍ പറഞ്ഞെന്നേ താന്‍ പറഞ്ഞിട്ടുള്ളൂ. സ്വരാജ് എന്നുപോലും പറഞ്ഞിട്ടില്ല.

ഇത്രയും നാള്‍ ചെറുപ്പക്കാരന്റെ പേര് പറയാതിരുന്ന പിരപ്പന്‍കോട് എം സ്വരാജിന്റെ പേര് പറഞ്ഞാണ് പാര്‍ട്ടി സെക്രട്ടറിയുടെ ‘അസംബന്ധ’ പ്രയോഗത്തിന് മറുപടി നല്‍കിയത്. താന്‍ പുസ്തകമെഴുതി അതിന്റെ പ്രചാരത്തിനായി ആരുടെയോ കൂലിക്കുവേണ്ടി സംസാരിക്കുന്നുവെന്നാണ് എം വി ഗോവിന്ദന്‍ പറഞ്ഞതെന്ന് പറഞ്ഞ പിരപ്പന്‍കോട് മുരളി താന്‍ കൃഷ്ണപ്പിള്ള, ഇഎംഎസ്, എകെജി, നായനാര്‍ എന്നിവരെക്കുറിച്ചെല്ലാം എഴുതിയിട്ടുണ്ടെന്നും ചൂണ്ടിക്കാണിച്ചു. കമ്യൂണിസ്റ്റ് ആശയങ്ങളുടെ പ്രചാരണത്തിന് പുസ്തകങ്ങളെഴുതുന്നത് പണംസമ്പാദിക്കാനാണെന്നു കരുതുന്നുണ്ടെങ്കില്‍ ബാങ്ക് ബാലന്‍സ് പരിശോധിക്കാമെന്നും അധികമായി നേടിയിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടിക്ക് സംഭാവനചെയ്യാമെന്നും മുരളി സിപിഎം സംസ്ഥാന സെക്രട്ടറിയ്ക്ക് മറുപടിയായി പറഞ്ഞു. തന്റെ മാന്യതയും വിശ്വാസ്യതയും ചോദ്യംചെയ്യരുതെന്ന് അപേക്ഷയുണ്ടെന്നും എം വി ഗോവിന്ദന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയുടെ മാന്യതകാണിക്കണം പിരപ്പന്‍കോട് മുരളി പ്രതികരിച്ചു.

പിരപ്പന്‍കോട് മുരളിയ്ക്ക് പിന്നാലെ മുതിര്‍ന്ന സിപിഎം നേതാവ് സുരേഷ് കുറിപ്പും ക്യാപിറ്റല്‍ പണിഷ്‌മെന്റ് വിഷയത്തില്‍ പ്രതികരണം നടത്തിയിട്ടുണ്ട്. മാതൃഭൂമിയ്ക്ക് നല്‍കിയ ലേഖനത്തില്‍ ആലപ്പുഴ സമ്മേളനത്തില്‍ ഒരു കൊച്ചുപെണ്‍കുട്ടി വിഎസിനെ ക്യാപിറ്റല്‍ പണിഷ്‌മെന്റ് ചെയ്യണമെന്ന് പറഞ്ഞുവെന്നാണ് സുരേഷ് കുറുപ്പിന്റെ വെളിപ്പെടുത്തല്‍.

‘അദ്ദേഹത്തിന്റെ തട്ടകമായ ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ ഒരു കൊച്ചു പെണ്‍കുട്ടി വിഎസിന് ക്യാപിറ്റല്‍ പണിഷ്‌മെന്റ് കൊടുക്കണമെന്ന് പറഞ്ഞു. ഈ അധിക്ഷേപം സഹിക്കാന്‍ പറ്റാതെ വിഎസ് വേദി വിട്ട് പുറത്തേക്കിറങ്ങി, ഏകനായി, ദുഃഖിതനായി. പക്ഷെ തലകുനിക്കാതെ ഒന്നും മിണ്ടാതെ ആരെയും നോക്കാതെ അദ്ദേഹം സമ്മേളന സ്ഥലത്ത് നിന്നും വീട്ടിലേക്ക് പോയി. ഇങ്ങനെയൊക്കെ ആയിട്ടും അദ്ദേഹം പാര്‍ട്ടിയെ ഒരിക്കലും അധിക്ഷേപിച്ചില്ല’-

‘ഇങ്ങനെയൊക്കെയായിരുന്നു എന്റെ വിഎസ്’ എന്ന തലക്കെട്ടോടെയാണ് മുന്‍ ഏറ്റുമാനൂര്‍ എംഎല്‍എ സുരേഷ് കുറുപ്പിന്റെ ലേഖനം. ‘ ഇങ്ങനെയൊരാള്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ഉണ്ടായിട്ടില്ലെന്നും 80 വര്‍ഷത്തോളം നിരന്തരമായ, പോരാട്ടത്തില്‍ അടിസ്ഥാനമിട്ട രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ മറ്റാരും കേരളം രാഷ്ട്രീയത്തിലും ഇല്ലെന്നും സുരേഷ് കുറുപ്പ് മാതൃഭൂമി ലേഖനത്തില്‍ പറയുന്നു.

ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽ വി എസ് അച്യുതാനന്ദനെതിരെ ക്യാപിറ്റൽ പണിഷ്മെന്റ് പ്രയോഗമുണ്ടായെന്ന് മുൻ പിഎ എ സുരേഷും സ്ഥിരീകരിച്ചിട്ടുണ്ട്. ആലപ്പുഴ സമ്മേളനം വിഎസിനെ അധിക്ഷേപിക്കാൻ വേണ്ടി മാത്രമാണ് നടത്തിയതെന്ന് പറഞ്ഞ സുരേഷ് വിഎസിനെതിരെ പറഞ്ഞവർക്കെല്ലാം സ്ഥാനക്കയറ്റം കിട്ടിയെന്നും കൂട്ടിച്ചേർത്തു. ആലപ്പുഴ സമ്മേളനത്തില്‍ വിഎസിനെ അധിക്ഷേപിച്ച യുവ വനിത നേതാവ് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയിലെത്തിയെന്നും സുരേഷ് പറഞ്ഞു.

Read more

2012-ലെ സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ വി എസ് അച്യുതാനന്ദനെതിരെ ക്യാപിറ്റൽ പണിഷ്മെന്റ് പ്രയോഗമുണ്ടായി. 2015-ൽ ക്യാപിറ്റൽ പണിഷ്മെന്റ് പ്രയോഗം മാത്രമായിരുന്നില്ല, നിരവധി പരാമർശങ്ങളുണ്ടായെന്നും എ സുരേഷ് പറഞ്ഞു. വിഎസിനെതിരെ അതിരൂക്ഷമായി പറഞ്ഞവര്‍ക്കെല്ലാം സ്ഥാനക്കയറ്റം കിട്ടിയിട്ടുണ്ടെന്നും സംസ്ഥാന കമ്മിറ്റിയില്‍ വരെ സ്ഥാനം കിട്ടിയവരുണ്ടെന്നും സുരേഷ് കൂട്ടിച്ചേർത്തു.