ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽ വി എസ് അച്യുതാനന്ദനെതിരെ ക്യാപിറ്റൽ പണിഷ്മെന്റ് പ്രയോഗമുണ്ടായെന്ന് മുൻ പിഎ എ സുരേഷ്. ആലപ്പുഴ സമ്മേളനം വിഎസിനെ അധിക്ഷേപിക്കാൻ വേണ്ടി മാത്രമാണ് നടത്തിയതെന്ന് പറഞ്ഞ സുരേഷ് വിഎസിനെതിരെ പറഞ്ഞവർക്കെല്ലാം സ്ഥാനക്കയറ്റം കിട്ടിയെന്നും കൂട്ടിച്ചേർത്തു. ആലപ്പുഴ സമ്മേളനത്തില്‍ വിഎസിനെ അധിക്ഷേപിച്ച യുവ വനിത നേതാവ് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയിലെത്തിയെന്നും സുരേഷ് പറഞ്ഞു.
2012-ലെ സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ വി എസ് അച്യുതാനന്ദനെതിരെ ക്യാപിറ്റൽ പണിഷ്മെന്റ് പ്രയോഗമുണ്ടായി. 2015-ൽ ക്യാപിറ്റൽ പണിഷ്മെന്റ് പ്രയോഗം മാത്രമായിരുന്നില്ല, നിരവധി പരാമർശങ്ങളുണ്ടായെന്നും എ സുരേഷ് പറഞ്ഞു. വിഎസിനെതിരെ അതിരൂക്ഷമായി പറഞ്ഞവര്‍ക്കെല്ലാം സ്ഥാനക്കയറ്റം കിട്ടിയിട്ടുണ്ടെന്നും സംസ്ഥാന കമ്മിറ്റിയില്‍ വരെ സ്ഥാനം കിട്ടിയവരുണ്ടെന്നും സുരേഷ് കൂട്ടിച്ചേർത്തു.
ആലപ്പുഴ സമ്മേളനത്തിലെ വിഎസിന്‍റെ വിവാദ ഇറങ്ങിപോകലിന് പിന്നിൽ യുവ വനിത നേതാവിന്‍റെ പരാമര്‍ശമെന്ന് വെളിപ്പെടുത്തി മുതിർന്ന സിപിഎം നേതാവ് സുരേഷ് കുറുപ്പ് രംഗത്തെത്തിയതിന് പിന്നാലെയാണ് വിഎസിന്റെ മുൻ പിഎ എ സുരേഷ് രംഗത്തെത്തിയത്. മാതൃഭൂമി വാരാന്തപതിപ്പിൽ എഴുതിയ ലേഖനത്തിലാണ് സുരേഷ് കുറുപ്പ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. വിഎസ് അച്യുതാനന്ദന് യുവ വനിത നേതാവ് ക്യാപിറ്റൽ പണിഷ്മെന്‍റ് നടത്തണമെന്ന് പറഞ്ഞുവെന്നാണ് സുരേഷ് കുറുപ്പിന്റെ വെളിപ്പെടുത്തൽ.