പാലം തകർന്നപ്പോൾ പദ്ധതിയുടെ അവകാശവാദത്തിൽ നിന്നും പിണറായി സർക്കാർ പിൻവലിയുന്നു: രമേശ് ചെന്നിത്തല

തലശ്ശേരി – മാഹി ബൈപാസ്സിലെ പാലം തകർന്നപ്പോൾ പദ്ധതിയുടെ അവകാശവാദത്തിൽ നിന്നും സംസ്ഥാന സർക്കാർ പിൻവലിയുന്ന കാഴ്ചയാണ് കാണുന്നത് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ഒരുപോലെ ഏറ്റെടുത്ത പദ്ധതിയാണിത്. പണം മുടക്കുന്നത് കേന്ദ്ര സർക്കാരാണെങ്കിലും ഇതിന്റെ സൂപ്പർവൈസറി ചുമതല സംസ്ഥാന സർക്കാറിനാണ്. അതിനാൽ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ഈ അപകടത്തിനു മറുപടി നൽകണം എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ പ്രസ്താവന:

പിണറായി വിജയന്റെ പ്രോഗ്രസ് റിപ്പോർട്ടിൽ പ്രധാനമായി എടുത്തു പറഞ്ഞ തലശ്ശേരി – മാഹി ബൈപാസ്സിലെ പാലമാണ് നിലംപ്പൊത്തിയിരിക്കുന്നത്. NHAI നടത്തുന്ന നിർമ്മാണത്തെ കറവപശുവായി കണക്കാക്കുന്ന ബിജെപിയുടെ അഴിമതിനയമാണ് ഈ അവസ്ഥയുടെ മുഖ്യകാരണം.

നിയമസഭയിലെ അവിശ്വാസ പ്രമേയത്തിന്റെ മറുപടി പ്രസംഗത്തിൽ ബൈപാസ് നിർമ്മാണം പൂർണമായും തന്റെ ഭരണ നേട്ടമായിട്ടാണ് മുഖ്യമന്ത്രി കൊട്ടിഘോഷിച്ചത്. പാലം തകർന്നപ്പോൾ പദ്ധതിയുടെ അവകാശവാദത്തിൽ നിന്നും സംസ്ഥാനസർക്കാർ പിൻവലിയുന്ന കാഴ്ചയാണ് കാണുന്നത്. പാലം തകർന്നതിലെ തങ്ങളുടെ ജാഗ്രതകുറവിനെ പറ്റി മൗനം പാലിക്കുന്നത് കുറ്റകരമാണ്.

പാലത്തിന്റെ നിർമാണത്തിൽ പ്രഥമദൃഷ്ട്യാ അപാകതകൾ ദൃശ്യമാണ്. കമ്പികൾക്ക്‌ പകരം ഈർക്കിൽ ഉപയോഗിച്ച് നിർമ്മിച്ചപോലെയാണ്. കോൺക്രീറ്റ് ഇളകിവീണിരിക്കുന്നു. സംഭവസ്ഥലം സന്ദർശിച്ചു പരിശോധിച്ചപ്പോൾ നിർമാണത്തിലെ സുരക്ഷാ അപാകത വ്യക്തമായി കണ്ടു. NHAIയുടേയും കരാറുകാരന്റേയും മാത്രമല്ല, ഈ വിഷയത്തിൽ സംസ്ഥാനസർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകൾ കൂടി വെളിച്ചത്ത് കൊണ്ടുവരേണ്ടതുണ്ട്.

ആളുകളുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന ഈ അഴിമതി കണ്ടില്ലെന്നു നടിക്കാൻ സാധിക്കില്ല. ഈ വിഷയത്തിൽ കേന്ദ്രവിജിലൻസിന്റെ സമഗ്രമായ അന്വേഷണം ആവശ്യപ്പെടും. തൊഴിലാളികളും, മീൻപിടുത്തക്കാരും ഉണ്ടാകാറുള്ള പ്രദേശത്ത് ആളപായം ഉണ്ടാകാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രമാണ്.

കേന്ദ്രസർക്കാരും സംസ്ഥാനസർക്കാരും ഒരുപോലെ ഏറ്റെടുത്ത പദ്ധതിയാണിത്. പണം മുടക്കുന്നത് കേന്ദ്രസർക്കാരാണെങ്കിലും ഇതിന്റെ സൂപ്പർവൈസറി ചുമതല സംസ്ഥാനസർക്കാറിനാണ്. അതിനാൽ കേന്ദ്രസർക്കാരും സംസ്ഥാനസർക്കാരും ഈ അപകടത്തിനു മറുപടി നൽകണം.

Read more

https://www.facebook.com/rameshchennithala/posts/3444241978967617