പേട്ട അനീഷ് കൊലപാതകം: അനീഷിനെ വിളിച്ച് വരുത്തിയത്, ഫോണ്‍ രേഖകള്‍ പുറത്ത്

തിരുവനന്തപുരം പേട്ടയില്‍ മകളുടെ സുഹൃത്തിനെ പിതാവ് കുത്തിക്കൊന്ന സംഭവത്തില്‍  ഫോണ്‍ രേഖകള്‍ പുറത്ത്. കൊലപാതക ദിവസവും അനീഷിന് ലാലന്റെ വീട്ടില്‍ നിന്ന് ഫോണ്‍ വന്നിരുന്നു. അനീഷിന്റെ അമ്മയുടെ ഫോണിലേക്ക് പെണ്‍കുട്ടിയുടെ അമ്മയുടെ ഫോണില്‍ നിന്ന് വിളിച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഫോണ്‍ വന്ന ശേഷമാകാം അനീഷ് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോയതെന്ന അനീഷിന്റെ കുടുംബത്തിന്റെ ആരോപണം ശരിവയ്ക്കുന്നതാണ് ഈ തെളിവുകള്‍.

അതേസമയം അനീഷിനെ കൊലപ്പെടുത്തിയത് കള്ളനാണെന്ന് കരുതി യാദൃശ്ചികമായി സംഭവിച്ചതല്ല. കൊല്ലപ്പെട്ട അനീഷ് എന്ന് 19 വയസ്സുകാരനോട് പെണ്‍കുട്ടിയുടെ പിതാവ് ലാലന് വൈരാഗ്യം ഉണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി. ഭാര്യയും മക്കളും തടഞ്ഞിട്ടും കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മകളുമായി ഉണ്ടായിരുന്ന അനീഷിന്റെ സൗഹൃദത്തില്‍ ലാലന് താല്‍പര്യമുണ്ടായിരുന്നില്ല. എന്നാല്‍ ലാലന്റെ വിലക്ക് അവഗണിച്ച് അദ്ദേഹത്തിന്റെ ഭാര്യയും മക്കളും അനീഷുമായി സൗഹൃദം തുടര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് വീട്ടില്‍ പല തവണ തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. കൊലപാതകം നടക്കുന്നതിന്റെ തലേന്ന് ലാലന്റെ ഭാര്യയും മക്കളും അനീഷുമൊത്ത് മാളില്‍ പോയിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചട്ടുണ്ട്. അനീഷിന്റെയും ലാലന്റെയും കുടുംബങ്ങള്‍ തമ്മില്‍ പരിചയം ഉണ്ടായിരുന്നു.

ബുധാഴ്ചയാണ് അനീഷിന് ലാലന്റെ വീട്ടില്‍ വച്ച് കുത്തേല്‍ക്കുന്നത്. അനീഷിനെ മനപൂര്‍വ്വം കൊലപ്പെടുത്തിയതാണെന്ന് അനീഷിന്റെ കുടുംബം ആരോപിച്ചു. മുമ്പ് പല തവണയും അനീഷ് ലാലന്റെ വീട്ടില്‍ പോയിട്ടുണ്ടെന്നും അവര്‍ക്ക് അവനെ ഇഷ്ടമായിരുന്നുവെന്നും അനീഷിന്റെ അമ്മ പറഞ്ഞു. മകന്റെ കൊലപാതക വിവരം അറിഞ്ഞപ്പോള്‍ തന്നെ പെണ്‍കുട്ടിയുടെ അമ്മയെ വിളിച്ചിരുന്നു. മകനെക്കുറിച്ച് പൊലീസില്‍ അന്വേഷിക്കാന്‍ ആണ് പറഞ്ഞതെന്ന് അനീഷിന്റെ അമ്മ പറഞ്ഞു.

പേട്ടയിലെ ചാലക്കുടി ലൈനില്‍ ബുധനാഴ്ച പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം. കൊലപാതകം നടത്തിയ ശേഷം ലാലന്‍ തന്നെ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നു. കള്ളനാണെന്ന് കരുതിയാണ് ആക്രമിച്ചതെന്നായിരുന്നു മൊഴി. അനീഷിന്റെ നെഞ്ചിലും മുതുകിലും രണ്ട് കുത്തുകളാണ് ഉണ്ടായിരുന്നത്. കേസില്‍ ലാലനെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. കൊലപാതകത്തിന് ഉപയോഗിച്ച് ആയുധം പൊലീസ് കണ്ടെടുത്തിരുന്നു.