മാധ്യമ പ്രവർത്തകർക്ക് എതിരെ വ്യക്തിപരമായ ആക്രമണങ്ങൾ; നിലപാടിൽ ഇരട്ടത്താപ്പ് പാടില്ല: മുഖ്യമന്ത്രി

വ്യാജവാർത്തകൾ നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യക്തിപരമായ അധിക്ഷേപങ്ങളിൽ നിന്ന് എല്ലാവരും ഒഴിഞ്ഞു നിൽക്കുകയാണ് വേണ്ടത്. അത് സാമൂഹിക മാധ്യമങ്ങളിൽ ആയാലും മുഖ്യധാരാ മാധ്യമങ്ങളിൽ ആയാലും. വ്യക്തിപരമായ ആക്രമണങ്ങളിൽ ശക്തമായ നിലപാട് സ്വീകരിക്കണം. എന്നാൽ ആ നിലപാടിൽ ഇരട്ടത്താപ്പ് പാടില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

വനിതകൾ അടക്കമുള്ള മാധ്യമപ്രവർത്തകരെ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്ന കാര്യം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. അതേസമയം ഇക്കാര്യം പരിശോധിച്ചിട്ടു മറുപടി പറയാം എന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. അത് പരിശോധിച്ചോ അതിന്റെ ഗൗരവം ഉൾക്കൊള്ളാൻ കഴിഞ്ഞോ, ഡി.ജി.പി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടോ. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി ഉൾപ്പെടെയുള്ളവർ നടത്തിയ പരാമർശം ആ അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുമോ എന്നീ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയായിരുന്നു വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി.

“ഇവിടെ നിങ്ങൾ നേരത്തെ പറഞ്ഞ പരാതിയിൽ അന്വേഷണം നടക്കും. അത്തരത്തിൽ ഉള്ള വ്യകതിപരമായ അക്രമണങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക എന്നതാണ് സർക്കാരിന്റെ നിലപാട്. അത് ആർക്കെതിരെ ആയാലും. ഇതിൽ ശരിയായ നിലയിൽ അന്വേഷണം നടക്കട്ടെ. വ്യക്തിപരമായ അധിക്ഷേപങ്ങളിൽ നിന്ന് സാധാരണഗതിയിൽ എല്ലാവരും ഒഴിഞ്ഞു നിൽക്കുകയാണ് വേണ്ടത്.” എന്ന് മുഖ്യമന്ത്രി പറഞ്ഞു.

“സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് ഉള്ളവര്‍ മാത്രമല്ല, മറ്റ് മാധ്യമങ്ങളിലുള്ളവരും വ്യക്തിപരമായ അധിക്ഷേപങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുന്നതാണ് അഭികാമ്യം. വ്യാജവാര്‍ത്ത ബോധപൂർവ്വം പ്രചരിപ്പിക്കുന്ന ചില കേന്ദ്രങ്ങളുമുണ്ട്, അത്തരം കാര്യങ്ങൾ കണ്ടെത്തുന്നതിന് പ്രത്യേക സംവിധാനങ്ങൾ തന്നെ ഒരുക്കിയിരിക്കുകയാണ്. നല്ല രീതിയിൽ ഉള്ള ഫലം സൃഷ്ടിക്കാൻ ആവുമെന്നാണ് തോന്നുന്നത്. വ്യാജ വാർത്തകൾ സൃഷ്ടിക്കുക, എന്തും വിളിച്ച് പറയാം എന്ന അവസ്ഥയെല്ലാം ഇല്ലാതാക്കണം എന്നു തന്നെയാണ് തീരുമാനം. കൂടുതല്‍ കര്‍ക്കശ നിലപാടുകള്‍ക്കായി നിയമ ഭേദഗതികള്‍ കൂടി വേണമെന്നുള്ളത് ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. അതില്‍ പൊതുഅഭിപ്രായം തേടി നടപടിയെടുക്കും. ഏതെങ്കിലും ഒരു കൂട്ടര്‍ക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ വന്നാൽ അത് തരക്കേടില്ല നല്ല കാര്യം എന്ന് പറഞ്ഞ് കൈയടിക്കുകയും, എന്നാൽ മറ്റൊരു കൂട്ടര്‍ക്കെതിരെ വരുമ്പോള്‍ ഓഹോ, ഇങ്ങനെ വന്നോ, ഇങ്ങനെ സംഭവിക്കാൻ പാടുണ്ടോ എന്ന് രോക്ഷം കൊള്ളുക എന്ന ഇരട്ടത്താപ്പ് പാടില്ല. നമ്മൾ എല്ലാവരും ഒരേ സമീപനം ഇക്കാര്യത്തിൽ സ്വീകരിച്ചു പോരണം. വ്യക്തിപരമായ അധിക്ഷേപം ആരും നടത്താൻ പാടില്ല.” മുഖ്യമന്ത്രി പറഞ്ഞു.