പാര്‍ലമെന്ററി രംഗത്തെ പ്രവര്‍ത്തന മികവ്; രമ്യാ ഹരിദാസിന് പുരസ്‌കാരം

രമ്യാ ഹരിദാസ് എം.പിക്ക് കെ.കെ.ബാലകൃഷ്ണന്‍ പ്രഥമ പുരസ്‌കാരം. മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.കെ.ബാലകൃഷ്ണന്റെ പേരില്‍ കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദി കോട്ടയം ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം.

പാര്‍ലമെന്ററി രംഗത്തെ പ്രവര്‍ത്തന മികവ് പരിഗണിച്ചാണ് രമ്യക്ക് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. കെ.കെ.ബാലകൃഷ്ണന്റെ ചരമദിനത്തോടനുബന്ധിച്ച് നടന്ന ഓൺലൈൻ അനുസ്മരണ ചടങ്ങിൽ മുൻ വൈസ് ചാൻസലറും ,ഗാന്ധിദർശൻ വേദി സംസ്ഥാന ചെയർമാനുമായ ഡോ. എം.സി ദിലീപ് കുമാറാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. വരുന്ന മാസം ആദ്യം നടക്കുന്ന ചടങ്ങിൽ വച്ച് പുരസ്‌കാരം സമ്മാനിക്കും.

സമൂഹത്തിൽ മാറ്റങ്ങൾക്കായി പ്രയത്നിച്ച കോൺഗ്രസ്സ് നേതാവായിരുന്നു കെ.കെ ബാലകൃഷ്ണനെന്ന് അനുസ്മരണ യോഗം ഉത്ഘാടനം ചെയ്ത നിയുക്ത ഡി.സിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് പറഞ്ഞു. പിന്നോക്ക വിഭാഗത്തിനൊപ്പം ,മറ്റ് വിഭാഗങ്ങളുടേയും ഉന്നമനത്തിനായി അദ്ദേഹം പ്രവർത്തിച്ചു. ഗാന്ധിയൻ ആദർശങ്ങളിൽ ആകൃഷ്ടനായിരുന്ന അദ്ദേഹത്തെ അനുസ്മരിക്കാൻ മുൻകൈയ്യെടുത്ത ഗാന്ധിദർശൻ വേദി ഭാരവാഹികളെ അദ്ദേഹം അഭിനന്ദിച്ചു.

ജില്ലാ ചെയർമാൻ വിനോദ് പെരുംഞ്ചേരി അധ്യക്ഷത വഹിച്ചു. ഡോ. നെടുമ്പന അനിൽ മുഖ്യ പ്രഭാഷണം നടത്തി. കെ.പി.സി.സി സെക്രട്ടറിയും, കെ.കെ.ബാലകൃഷ്ണൻ്റെ മകനുമായ കെ.ബി ശശികുമാർ, കെ .സി നായർ, സുരേഷ് ബാബു വാഴൂർ, അഡ്വ. ജയദീപ് പാറക്കൻ എന്നിവർ പ്രസംഗിച്ചു.