'ബിജെപി ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ പുറത്തുനിന്ന് ആളെ കൊണ്ടുവന്ന് വോട്ട് ചെയ്യിപ്പിക്കാറുണ്ട്; കശ്മീരില്‍ നിന്ന് വരെ കൊണ്ടുവന്ന് വോട്ട് ചെയ്യിക്കും; ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ തുറന്നുപറച്ചില്‍

ബിജെപി ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ പുറത്തുനിന്ന് ആളെ കൊണ്ടുവന്ന് താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കാറുണ്ടെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. തൃശ്ശൂരില്‍ സുരേഷ് ഗോപി വിജയത്തില്‍ കള്ളവോട്ട് നടന്നെന്ന യുഡിഎഫ്-എല്‍ഡിഎഫ് ആരോപണത്തോട് പ്രതികരിക്കവെയാണ് ബിജെപി നേതാവ് പാര്‍ട്ടിയുടെ സ്ഥിരം രീതിയെ കുറിച്ച് വെളിപ്പെടുത്തിയത്. വോട്ട് കൊള്ള ദേശീയ തലത്തിലടക്കം വലിയ പ്രതിഷേധമായി ഉയരുമ്പോഴാണ് മണ്ഡലം മാറ്റി ആള്‍ക്കാരെ ഇറക്കി വോട്ട് പിടിക്കാറുണ്ടെന്ന ബിജെപി നേതാവിന്റെ തുറന്നുപറച്ചില്‍.

‘ഞങ്ങള്‍ ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ ജമ്മു കശ്മീരില്‍നിന്നും ആളുകളെ കൊണ്ട് വന്ന് ഒരു വര്‍ഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും. അത് നാളെയും ചെയ്യിക്കും.’

ഇങ്ങനെ വോട്ട് ചെയ്യിച്ചിട്ടുണ്ടെന്ന് മാത്രമല്ല, നാളേയും ഇത് തന്നെ ചെയ്യുമെന്നാണ് ബി ഗോപാലകൃഷ്ണന്‍ പറയുന്നത്. നിയമസഭയില്‍ ഇത്തരത്തില്‍ വോട്ട് ചെയ്യിപ്പിക്കാന്‍ ഇപ്പോള്‍ ഉദ്ദേശിച്ചിട്ടില്ല, ലോക്സഭയിലാണ് അത്തരത്തിലൊരു തീരുമാനമെടുത്തതെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. 2024ലെ വോട്ടര്‍ പട്ടികയിലെ ക്രമക്കേടും തിരഞ്ഞെടുപ്പ് അട്ടിമറിയും രാജ്യവ്യാപകമായി ചര്‍ച്ചയാകുമ്പോഴാണ് ബി ഗോപാലകൃഷ്ണന്റെ തുറന്നുപറച്ചിലെന്നതും ശ്രദ്ധേയമാണ്.

നിയമസഭയില്‍ ഇത്തരത്തില്‍ വോട്ട് ചേര്‍ക്കുന്നത് ആ സമയത്ത് ആലോചിക്കുമെന്നും ബിജെപി നേതാവ് പറഞ്ഞു. ഇത്രയെല്ലാം പറഞ്ഞതിന് ശേഷം ഇത് കള്ളവോട്ടല്ലെന്നും ബി ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി. മരിച്ച ആളുടെ പേരില്‍ വോട്ട് ചെയ്യുക, ഒരാള്‍ രണ്ട് വോട്ട് ചെയ്യുക എന്നതൊക്കെയാണ് കള്ളവോട്ട് എന്ന് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏത് വിലാസത്തിലും ആളുകളെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാം, ജയിക്കാന്‍ വേണ്ടി വ്യാപകമായി ഞങ്ങള്‍ വോട്ട് ചേര്‍ക്കുമെന്നും അതില്‍ സംശയമില്ലെന്നും ബി ഗോപാലകൃഷ്ണന്‍ ഗര്‍വ്വോടെ പറയുന്നു.

Read more

ബിജെപിയെ തോല്‍പ്പിക്കാന്‍ യുഡിഎഫും എല്‍ഡിഎഫും പലയിടങ്ങളിലും ഒന്നിക്കാറുണ്ടെന്നും അതില്‍ ധാര്‍മിക പ്രശ്നങ്ങളില്ലെങ്കില്‍ ഇതിലും ധാര്‍മികതയുടെ പ്രശ്നമില്ലെന്നും ബിജെപി നേതാവ് ന്യായീകരണം ചമയ്ക്കുന്നുണ്ട്. തൃശ്ശൂരില്‍ സുരേഷ് ഗോപി 74,682 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 2019-ല്‍ 4.16 ലക്ഷം വോട്ടുണ്ടായിരുന്ന കോണ്‍ഗ്രസിന് 2024-ല്‍ 3.27 ലക്ഷം ആയി കുറഞ്ഞു. ബാക്കി 90,000 വോട്ട് എവിടെ പോയെന്നും ബി ഗോപാലകൃഷ്ണന്‍ ചോദിച്ചു.