കോൺഗ്രസ് 95 സീറ്റുകളിൽ, ലീഗിന് 27; സ്ഥാനാർത്ഥി പ്രഖ്യാപനം ഉടനെന്ന് വി.ഡി. സതീശൻ

നിയമസഭാ തെരഞ്ഞെടുപ്പിലേക്കുളള യുഡിഎഫിന്റെ സീറ്റ് വിഭജനം പൂർത്തിയായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 95 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുക. മുസ്‌ലിം ലീഗ് 27 സീറ്റുകളിലും കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം 8 സീറ്റുകളിലും മത്സരിക്കും.

ഇടുക്കി, ഏറ്റുമാനൂർ സീറ്റുകൾ ഒരു പ്രാവശ്യത്തേക്ക് കോൺഗ്രസിന് വിട്ടുനൽകിയിട്ടുണ്ടെന്നും തൃക്കരിപ്പൂർ സീറ്റ് കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാടുമായി വെച്ചുമാറിയെന്നും വി ഡി സതീശൻ അറിയിച്ചു. പയ്യന്നൂരിൽ ആർഎസ്പി സ്ഥാനാർത്ഥിയെ നിർത്തുന്നില്ലെന്നും വി കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കാനാണ് യുഡിഎഫ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ മാധ്യമങ്ങളോടായിരുന്നു വി ഡി സതീശൻറെ പ്രതികരണം.

‘യുഡിഎഫിന്റെ സീറ്റ് വിഭജനം കഴിഞ്ഞ ദിവസം പൂർത്തിയായി. 95 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും. 27 സീറ്റുകളിൽ മുസ്‌ലിം ലീഗ് മത്സരിക്കും. 8 സീറ്റുകളിൽ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം മത്സരിക്കും. ഇടുക്കി, ഏറ്റുമാനൂർ സീറ്റുകൾ ഒരു പ്രാവശ്യത്തേക്ക് കോൺഗ്രസിന് വിട്ടുതന്നിട്ടുണ്ട്. തൃക്കരിപ്പൂരും കാഞ്ഞങ്ങാടും കോൺഗ്രസ് വെച്ചുമാറും. ആർഎസ്പി കഴിഞ്ഞ തവണ മത്സരിച്ച അഞ്ച് സീറ്റുകളും ഇപ്രാവശ്യവും അവർ തന്നെയാണ് മത്സരിക്കുക. അതിൽ അഞ്ചാമത്തെ സീറ്റായ മട്ടന്നൂർ ഇപ്രാവശ്യം കോൺഗ്രസിന് അവർ വിട്ടുതന്നിട്ടുണ്ട്. പകരം അവർക്ക് കൊടുത്തത് പയ്യന്നൂരാണ്. പ്രത്യേക സാഹചര്യത്തിൽ ആർഎസ്പി സ്ഥാനാർത്ഥിയെ നിർത്താതെ സ്വതന്ത്രനായി മത്സരിക്കുന്ന വി കുഞ്ഞികൃഷ്ണന് പിന്തുണ കൊടുക്കുകയാണ്’

‘കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗത്തിലെ അനൂപ് ജേക്കബിന് പിറവവും സിഎംപിയ്ക്ക് തിരുവനന്തപുരവും കെഡിപിയ്ക്ക് പാലയും വിട്ടുകൊടുക്കാൻ തീരുമാനമായി. ആർഎംപിയ്ക്ക് വടകരയും തൃണമൂൽ കോൺഗ്രസിന്റെ പി വി അൻവറിന് ബേപ്പൂരും കൊടുക്കാൻ തീരുമാനമായി. അൻവർ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കും. 40 സീറ്റുകളിലേക്കുളള സ്ഥാനാർത്ഥികളെയും ഇന്ന് തീരുമാനിക്കും’ എന്ന് വി ഡി സതീശൻ പറഞ്ഞു.

കഴിഞ്ഞ ദിവസം നിയമസഭാ തെരഞ്ഞെടുപ്പിനായുളള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തു വിട്ടിരുന്നു. 55 മണ്ഡലങ്ങളിലേക്കുളള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്.