കേരള ജനപക്ഷം പാര്‍ട്ടി യു.ഡി.എഫിനൊപ്പം പ്രവര്‍ത്തിക്കുമെന്ന് പി.സി ജോര്‍‌ജ്

കേരള ജനപക്ഷം പാര്‍ട്ടി യു.ഡി.എഫുമായി ചേർന്ന് പ്രവര്‍ത്തിക്കുമെന്ന് പി.സി ജോര്‍‌ജ്. പ്രാദേശിക എതിര്‍പ്പുകള്‍ കാര്യമാക്കുന്നില്ല എന്നും പൂഞ്ഞാർ സീറ്റിൽ തന്നെ മത്സരിക്കുമെന്നും പി.സി ജോര്‍‌ജ് പറഞ്ഞതായി മീഡിയ വൺ റിപ്പോർട്ട് ചെയ്തു.

ഒപ്പം നിൽക്കണമെന്ന് യു.ഡി.എഫ് നേതാക്കൾ ആവശ്യപ്പെട്ടു. കേരള ജനപക്ഷം പാര്‍ട്ടിയിലെ ഭൂരിഭാഗം പേരും യു.ഡി.എഫ് മനസ്ഥിതി ഉള്ളവരാണ്. യു.ഡി.എഫുമായി സഹകരിക്കണമെന്നായിരുന്നു കഴിഞ്ഞ പാർട്ടി കമ്മിറ്റിയിൽ ഭൂരിപക്ഷ അഭിപ്രായം. വളരെ ചുരുക്കം ആളുകളാണ് എൽ.ഡി.എഫിനൊപ്പം നിൽക്കണമെന്ന് പറഞ്ഞത്. നിലവിൽ യു.ഡി.എഫുമായി യോജിച്ചു പോകാനുള്ള തീരുമാനമാണ് എടുത്തിട്ടുള്ളത് എന്നും പി.സി ജോര്‍‌ജ് പറഞ്ഞു.

ഇനി യു.ഡി.എഫ് തീരുമാനിക്കുന്നതിന് അനുസരിച്ചായിരിക്കും പാർട്ടിയുടെ തീരുമാനം. മുന്നണി വേണമെന്ന് പോലും നിർബന്ധമില്ല, യു.ഡി.എഫുമായി സഹകരിച്ചു പോവുന്ന നയമാണ് കേരള ജനപക്ഷം പാർട്ടിയുടേത് എന്ന് പി.സി ജോര്‍‌ജ് വ്യക്തമാക്കി.

ഇത് സംബന്ധിച്ച് യു.ഡി.എഫുമായി ഔദ്യോഗികമായ ചർച്ച നടന്നിട്ടില്ല എന്നും എന്നാൽ അനൗദ്യോഗികമായി ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലികുട്ടി, പി.ജെ ജോസഫ് എന്നിവരിൽ നിന്നും അനുകൂല നിലപാടാണ് ഉള്ളതെന്നും അതേസമയം ഒരു മേശക്ക് ചുറ്റുമിരുന്ന് ചർച്ച നടന്നിട്ടില്ല എന്നും പി.സി ജോര്‍‌ജ് പറഞ്ഞു.