ഗുരുവായൂര്‍- മധുര എക്സ്‌പ്രസിൽ യാത്രക്കാരന് പാമ്പ് കടിയേറ്റു; ബോഗി ഒഴിപ്പിച്ചു

ഗുരുവായൂര്‍- മധുര എക്സ്‌പ്രസിൽ യാത്രക്കാരന് പാമ്പ് കടിയേറ്റു. ട്രെയിൻ ഏറ്റുമാനൂരിൽ എത്തിയപ്പോഴാണ് സംഭവം. ഗുരുവായൂർ-മധുര എക്സ്പ്രസിലെ (ട്രെയിൻ നമ്പർ – 16328) ഏഴാം നമ്പർ ബോഗിയിലെ ഒരു യാത്രക്കാരന് പാമ്പ് കടിയേറ്റത്. പാമ്പ് കടിയേറ്റ തെങ്കാശി സ്വദേശി കാർത്തികിനെ(23) കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

പാമ്പാണ് കടിച്ച​തെന്ന് കാർത്തിക് ഡോക്ടർമാരോട് പറഞ്ഞു. മറ്റൊരു യാത്രികയും പാമ്പിനെ കണ്ടതായി അവകാശപ്പെട്ടു. കാർത്തിക് അപകടനില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു. ​പാമ്പിനെ കണ്ടതെന്ന് പറഞ്ഞ ബോഗിയിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ച ശേഷം അധികൃതർ പൂട്ടിയിട്ടു.

ട്രെയിൻ കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിർത്തി പരിശോധിക്കുന്നുണ്ട്. അതേസമയം യാത്രക്കാരനെ കടിച്ചത് പാമ്പ് തന്നെയാണോയെന്ന സംശയത്തിലാണ് റെയിൽവെ പൊലീസ്. ട്രെയിനിൽ വച്ച് എലിയാണോ കടിച്ചതെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ഉന്നയിച്ചിരിക്കുന്ന സംശയം.